Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 18-05-2023

സ്‌കൂൾ വാഹനങ്ങൾ ഹാജരാക്കണം

ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വാഹനങ്ങൾ സ്‌കൂൾ തുറക്കുന്നതിനു മുമ്പായി അറ്റകുറ്റപ്പണികൾ തീർത്ത് അതത് രജിസ്റ്ററിംഗ് അതോറിറ്റി മുമ്പാകെ  ഹാജരാക്കണമെന്ന് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. സ്‌കൂൾ വാഹന ഡ്രൈവർമാർ സർക്കാർ നിർദേശ പ്രകാരമുള്ള പരിശീലന പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെന്ന് എല്ലാ സ്‌കൂൾ അധികൃതരും ഉറപ്പുവരുത്തണം. നിർദേശങ്ങൾ പാലിക്കാതെ സ്‌കൂൾ വാഹനങ്ങൾ സർവീസ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും ആർ ടി ഒ അറിയിച്ചു.

ചെണ്ടുമല്ലി കൃഷി: അപേക്ഷ ക്ഷണിച്ചു

ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഓണത്തിന് ഒരു കൊട്ടപ്പൂവ് ചെണ്ടുമല്ലി കൃഷി ഗ്രൂപ്പുകൾക്ക് കല്യാശ്ശേരി കൃഷിഭവൻ അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പുകൾ ചുരുങ്ങിയത് 15 സെന്റ് സ്ഥലത്ത് കൃഷി ചെയ്തിരിക്കണം. സ്വന്തമായോ പാട്ടത്തിനോ കൃഷി ചെയ്യാം. കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യുന്നവർക്ക് മുൻഗണന. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 29. കൂടുതൽ വിവരങ്ങൾക്ക് കല്യാശ്ശേരി കൃഷി കൃഷിഭവനുമായി ബന്ധപ്പെടുക.

പരാതി പരിഹാര സമ്പർക്ക പരിപാടി 29ന്

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട നിധി താങ്കൾക്കരികെ ജില്ലാ വ്യാപന പദ്ധതി ഗുണഭോക്താക്കൾക്കുള്ള പ്രതിമാസ പരാതി പരിഹാര സമ്പർക്ക പരിപാടി മെയ് 29 ന് രാവിലെ ഒമ്പത് മണിമുതൽ ഉച്ചക്ക് ഒരുമണി വരെ പയ്യന്നൂർ കൈരളി മിനി ഓഡിറ്റോറിയം (എവറസ്റ്റ് ലോഡ്ജ് ബിൽഡിംഗ്, മെയിൻ റോഡ്), കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാൾ എന്നിവിടങ്ങളിൽ നടക്കും. ഇ പി എഫ് അംഗങ്ങൾ, തൊഴിലുടമകൾ, ഇ പി എസ് പെൻഷണർമാർ, തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണം. ഫോൺ: 04972 712388.      

പ്രവാസി പുനരധിവാസ വായ്പ പദ്ധതി: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നോർക്ക റൂട്ട്സുമായി ചേർന്നു നടപ്പാക്കുന്ന പ്രവാസി പുനരധിവാസ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടിക വർഗ വിഭാഗക്കാർക്ക് അപേക്ഷിക്കാം. അപേക്ഷകർ 18നും 55 വയസ്സിനും ഇടയിൽ പ്രായമുള്ളവരാകണം. രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങി വരുന്ന പ്രവാസികൾക്ക്  സ്വയം തൊഴിൽ സംരംഭം തുടങ്ങുന്നതിന് പരമാവധി  20 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. നൽകുന്ന വായ്പയുടെ 15 ശതമാനം ബാക്ക് എൻഡ് സബ്സിഡി ആയും തിരിച്ചടവ്  വീഴ്ച കൂടാതെ നടത്തുന്ന സംരംഭകർക്ക് ആദ്യത്തെ നാല് വർഷത്തേക്ക്  മൂന്ന് ശതമാനം പലിശ സബ്സിഡി ആയും നോർക്ക റൂട്സ് ആനുവദിക്കും. അപേക്ഷകരുടെ കുടുംബ വാർഷിക  വരുമാനമനുസരിച്ചാണ് വായ്പ നൽകുക. 3.50 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് അഞ്ച് ലക്ഷം രൂപയും അതിനുമുകളിൽ 10 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 10 ലക്ഷം രൂപ വരെയും 10 മുതൽ 15 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 20 ലക്ഷം രൂപയുമാണ്  പരമാവധി വായ്പ നൽകുക. കൂടുതൽ വിവരങ്ങൾക്ക് പട്ടികജാതി പട്ടികവർഗ വികസന കോർപറേഷന്റെ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04972 705036,9400068513.                      

ലേലം

കണ്ണൂർ ഐടിഡിപി പ്രോജക്ട് ഓഫീസറുടെ പേരിലുള്ളതും ആറളം പുനരധിവാസ മേഖലയിലെ പട്ടികവർഗ കുടുംബങ്ങളുടെ ആവശ്യത്തിനായി ഉപയോഗിക്കുന്നതുമായ കെ എൽ 13 ഡബ്ല്യു 5204, 2011 മോഡൽ ടാറ്റ വിംഗർ ആംബുലൻസ് മെയ് 25 ന് രാവിലെ 11 മണിക്ക് പുനർലേലം ചെയ്യുന്നു. ദർഘാസുകൾ മെയ് 24ന് വൈകിട്ട് നാല് മണി വരെ സ്വീകരിക്കും. ഫോൺ: 04972700357.

പ്രീ മെട്രിക് ഹോസ്റ്റൽ പ്രവേശനം

പട്ടികജാതി-വികസന വകുപ്പിന്റെ പഴയങ്ങാടി ഗവ. പ്രീ മെട്രിക് ബോയ്സ് ഹോസ്റ്റലിൽ ഈ അധ്യയന വർഷം ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നതിന് അഞ്ച് മുതൽ പത്താം ക്ലാസ്സ് വരെയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  സൗജന്യ താമസം, ഭക്ഷണം, സ്‌റ്റൈപ്പന്റോടുകൂടി ട്യൂഷൻ ഫെസിലിറ്റി എന്നിവ ലഭിക്കും. എസ് സി വിദ്യാർഥികളുടെ അഭാവത്തിൽ എസ് ടി
വിദ്യാർഥികളെയും പരിഗണിക്കും. അപേക്ഷ കല്യാശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ലഭിക്കും. ഫോൺ:9744980206, 8281415123.

സി-പ്രോഗ്രാമിംഗ് കോഴ്സിന് അപേക്ഷിക്കാം

എൽ ബി എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ കീഴിലെ കണ്ണൂർ മേഖലാ കേന്ദ്രത്തിൽ പ്ലസ്ടു പൂർത്തിയായ വിദ്യാർഥികൾക്ക് ഒരു മാസത്തെ  സി-പ്രോഗ്രാമിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങുന്നവർക്ക് 50 ശതമാനം സ്‌കോളർഷിപ്പ് ഫീസ് ആനുകൂല്യം ലഭിക്കും. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഫോൺ: 0497 2702812, 9446442691.

വനിതാ കമ്മീഷൻ അദാലത്ത് മെയ് 25ന്

കേരള വനിതാ കമ്മീഷൻ മെഗാ അദാലത്ത് മെയ് 25 ന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ്ഹാളിൽ നടക്കും.

ലെവൽക്രോസ് അടക്കും

കണ്ണൂർ സൗത്ത്-കണ്ണൂർ സ്റ്റേഷനുകൾക്കിടയിലുള്ള 241 ാം നമ്പർ താണ-ആയിക്കര (ആനയിടുക്ക്)ലെവൽ ക്രോസ് മെയ് 19 രാവിലെ എട്ട് മണി മുതൽ മെയ് 22 രാത്രി എട്ട് മണി വരെ അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി. ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.

അക്കൗണ്ടന്റ് നിയമനം

സംസ്ഥാന എയിഡ്സ് കൺട്രോൾ സൊസൈറ്റിക്കു വേണ്ടി കണ്ണൂർ ജില്ലാ പഞ്ചായത്ത് നടത്തുന്ന മൈഗ്രന്റ് സുരക്ഷ പ്രോജക്ടിലേക്ക് മോണിറ്ററിംഗ്- ഇവാല്യുവേഷൻ കം അക്കൗണ്ടന്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ഇന്റർവ്യു മെയ് 25ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഓഫീസിൽ നടക്കും. യോഗ്യത കണക്ക്/ഇക്കണോമിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/കൊമേഴ്സ് ബിരുദവും അടിസ്ഥാന കമ്പ്യൂട്ടർ പരിശീലനവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. താൽപര്യമുള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും സഹിതം പങ്കെടുക്കണം.

വിചാരണ മാറ്റി

മെയ് 20, 23 തീയ്യതികളിൽ കലക്ടറേറ്റിൽ നടത്താനിരുന്ന പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കിലെ ദേവസ്വം പട്ടയങ്ങളുടെ വിചാരണ ജൂലൈ 26 ലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കലക്ടർ ആർ ആർ അറിയിച്ചു.

വാക് ഇൻ ഇന്റർവ്യൂ

കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജ് (ധർമശാല) സിവിൽ ഡിപ്പാർട്മെന്റിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താത്ക്കാലികമായി ട്രേഡ്മാൻമാരെ നിയമിക്കുന്നു. ഐടിഐ / ടിഎച്ച്എസ്എൽസി/തത്തുല്യം. അല്ലെങ്കിൽ എൻടിസി/കെജിസിഇ/വിഎച്ച്എസ്ഇ എന്നിവയിൽ ഏതെങ്കിലും പാസായിരിക്കണം. അതാത് ട്രേഡിൽ പ്രാവീണ്യം അഭികാമ്യം. ഉദ്യോഗാർഥികൾ എഴുത്ത് പരീക്ഷക്കും തുടർന്നുള്ള കൂടിക്കാഴ്ച്ചക്കുമായി അസ്സൽ സർട്ടിഫിക്കറ്റ് സഹിതം മെയ് 26ന് രാവിലെ 10 മണിക്ക് കോളേജിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് www.gcek.ac.in സന്ദർശിക്കുക.

ക്വട്ടേഷൻ

കണ്ണൂർ ഗവ എൻജിനീയറിംഗ് കോളേജിലെ ഇൻഡോർ കോർട്ട് പരിസരത്ത് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ രണ്ടിന് ഉച്ചക്ക് രണ്ടു മണിവരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ഫോൺ: 04972780226.

കണ്ണൂർ ഗവ എൻജിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിങ് വകുപ്പ് കോൺക്രീറ്റ് ലാബ് ബ്ലോക്ക് കെട്ടിടത്തിലെ എൻവയോൺമെന്റ് ലാബിൽ പ്ലംബിംഗ് പ്രവൃത്തി ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ ഒന്നിന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ഫോൺ: 04972780226

കണ്ണൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റ് ലാബിലെ ഉപകരണങ്ങൾ, മെഷീനുകൾ , അലമാരകൾ തുടങ്ങിയവ പെയിന്റ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  ജൂൺ അഞ്ച് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ഫോൺ 0497 2780226.

സ്റ്റുഡന്റ്സ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോഗം 26 ന്

സ്റ്റുഡന്റ്സ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോഗം മെയ് 26ന് രാവിലെ 11.30 ജില്ലാ കലക്ടറുടെ കോൺഫറൻസ് ഹാളിൽ ചേരും.

റാങ്ക് പട്ടിക റദ്ദായി
ജില്ലയിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 007/2018) തസ്തികയിലേക്ക്  2020 മാർച്ച് 26 ന് നിലവിൽ വന്ന 171/2020/ഡിഓസി നമ്പർ റാങ്ക് പട്ടിക കാലാവധി 2023 മാർച്ച് 25 അർധ രാത്രിയോടെ പൂർത്തിയായതിനാൽ മാർച്ച് 26 മുതൽ റദ്ദാക്കിയതായി കേരള പിഎസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

വൈദ്യുതി മുടങ്ങും

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിൽ മെയ് 19 വെള്ളിയാഴ്ച, രാവിലെ 9:30മുതൽ 11 മണി  വരെ പാതിരപ്പറമ്പ്, കാനന്നൂർ ഹാൻഡ്‌ലൂം, പെരിങ്ങോത്ത് അമ്പലം ട്രാൻസ്‌ഫോർമർ പരിധികളിലും രാവിലെ 8:30 മുതൽ ഉച്ചക്ക് 12 മണിവരെ ശ്രീനിവാസ്, ഹോളി പ്രൊപ്സ്, ഡ്രീം വില്ല, സൂര്യ നഗർ, കല്യാൺ ചിറകു താഴെ, എച്ച് ടി കെ വി ആർ ഡ്രീം വെഹിക്കിൾ, എച്ച് ടി  സിഗനേച്ചർ ഓട്ടോമൊബൈൽസ്, എന്നീ ട്രാൻസ്‌ഫോർമർ പരിധിയിലും രാവിലെ 9:30മുതൽ ഉച്ചക്ക് രണ്ട് മണി വരെ എച്ച് ടി ഇറാം ഐടിഎൽ മോട്ടോർസ് മഹിന്ദ്ര, വിജയ ടി മ്പേഴ്സ്, നടാൽ കള്ള് ഷോപ്പ്, ദേവകി ടിമ്പർ, കൈരളി ഫൈബർ, കുറ്റിക്കകം എന്നിവിടങ്ങളിലും രാവിലെ 11 മണി മുതൽ രണ്ട് മണി വരെ ബത്തമുക്ക്, മുനമ്പ്, സലഫിപള്ളി എന്നിവിടങ്ങളിലും രാവിലെ 12 മണി മുതൽ മൂന്ന് മണി വരെ ഏഴര, നാറാണത്തു പാലം, ഉറുമ്പച്ചൻ കോട്ടം, താഴെ മണ്ഡപം എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും.

കുഞ്ഞിമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ പുറച്ചേരി കോട്ട, പുറച്ചേരി വായനശാല, പുറച്ചേരി കോളനി, അറത്തിപറമ്പ, മല്ലർ അറത്തി പറമ്പ, റീച്ച്, പോപ്പുലർ ബോഡി ഷോപ്പ്, ഏഴിലോട് സോമിൽ, സി കെ  വുഡ്, ഗ്യാസ് ഗോഡൗൺ, ആയിഷ വുഡ്, ഹയാത്ത് വില്ല, പുത്തൂർ ട്രാൻസ്ഫോർമറുകളുടെ ഫീഡിങ്ങ് പരിധിയിൽ മെയ് 19 വ്യാഴം രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.

 

വൈദ്യുതി മുടങ്ങും

മെയ് 19ന് രാവിലെ ഒമ്പത് മണിക്കും അഞ്ച് മണിക്കും ഇടയിൽ കണ്ണൂർ സെക്ഷൻ പരിധിയിൽ വരുന്ന ടി കെ  ജംഗ്ഷൻ, താണ, തളാപ്പ് അമ്പലം, പൊതുവാൾ ഡോക്ടർ റോഡ്, അമ്പാടിമുക്ക്, ചിന്മയ മിഷൻ കോളജ്, എകെജി ഹോസ്പിപിറ്റൽ, ആനപ്പന്തി, ജോൺ മിൽ റോഡ്, സ്റ്റേഡിയം ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

date