Skip to main content

ഈശ്വരമംഗലം വെറ്ററിനറി പോളിക്ലിനിക് കെട്ടിട സമുച്ചയം ഉദ്ഘാടനം നാളെ

മന്ത്രി ചിഞ്ചു റാണി നാടിന് സമര്‍പ്പിക്കും

പൊന്നാനി ഈശ്വരമംഗലം വെറ്ററിനറി പോളിക്ലിനിക് കെട്ടിട സമുച്ചയം ഉദ്ഘാടനം
നാളെ (മെയ് 12) രാവിലെ 9.30ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. മൃഗസംരക്ഷണ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പുതുതായി ഗവ. വെറ്ററിനറി പോളിക്ലിനിക് കെട്ടിട സമുച്ചയം നിര്‍മിച്ചത്. മൃഗസംരക്ഷണ വകുപ്പിന്റെ 99.9 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിട സമുച്ചയത്തില്‍ കന്നുകാലികള്‍ക്കും ഓമന മൃഗങ്ങള്‍ക്കുമുള്ള ഒ.പി, വാക്‌സിനേഷന്‍ യൂണിറ്റ്, വെറ്ററിനറി ലബോറട്ടറി രോഗ നിര്‍ണയ സൗകര്യം, ഓപ്പറേഷന്‍ തിയേറ്റര്‍, സ്‌കാനിംഗ് റൂം, പകര്‍ച്ച വ്യാധി ചികിത്സക്കായി ഐസോലേഷന്‍ യൂണിറ്റ്, രാത്രികാല അടിയന്തര മൃഗ ചികിത്സാ സേവനം എന്നീ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈശ്വരമംഗലം വെറ്ററിനറി പോളിക്ലിനിക് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍
പി. നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷനാവും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി വിശിഷ്ടാതിഥിയാവും. മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. ഡി.കെ വിനുജി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി.യു അബ്ദുല്‍ അസീസ് പദ്ധതി വിശദീകരിക്കും. പൊന്നാനി നഗരസഭാ അധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം സ്വാഗതം പറയും. ജനപ്രതിനിധികള്‍, വിവധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ വ്യക്തികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് 'മൃഗസംരക്ഷണ മേഖലയിലെ സംരംഭകത്വ സാധ്യതകള്‍' എന്ന വിഷയത്തില്‍ കര്‍ഷകര്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന സെമിനാറില്‍ മൃസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഹാറൂണ്‍ അബ്ദുല്‍ റഷീദ് വിഷയാവതരണം നടത്തും.
നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, സ്ഥിരം സമിതി അധ്യക്ഷരായ ഒ.ഒ ഷംസു, ടി. മുഹമ്മദ് ബഷീര്‍, വി എ ഷീന സുദേശന്‍, രജീഷ് ഊപ്പാല, അജീന ജബ്ബാര്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍ വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും
 

date