Skip to main content

ഉദ്യോ​ഗാർത്ഥികൾക്ക് തൊഴിൽ ഉറപ്പാക്കാൻ പദ്ധതിയുമായി ചക്കിട്ടപാറ പഞ്ചായത്ത്

 

ഉദ്യോ​ഗാർത്ഥികളെ തൊഴിലിലേക്ക് വഴികാട്ടാൻ പിഎസിഇ പദ്ധതിയുമായി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിലെ അഭ്യസ്ഥവിദ്യരായ യുവതീ യുവാക്കളെ തൊഴിൽ മേഖലയിൽ എത്തിക്കുന്നതിനും വർഷം 500 പേർക്ക് സർക്കാർ, അർധ സർക്കാർ, സഹകരണ മേഖലകളിൽ ജോലി ഉറപ്പാക്കുന്നതിനുമായാണ് പാത്ത് വേ ഫോർ അക്കാദമിക് കരിയർ ആന്റ് എംപ്ലോയ്മെന്റ് (പിഎസിഇ) ചക്കിട്ടപാറ എന്ന പേരിൽ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്.

എസ്.എസ്.എസി, യു.പി.എസ്.സി, പി.എസ്.സി, തുടങ്ങിയ പരീക്ഷകൾക്കും അക്കൗണ്ടിം​ഗ് മേഖലയിലേക്കും വിദഗ്ദ പരിശീലനം നൽകുകയാണ് പദ്ധതിയുടെ  ലക്ഷ്യം. ഓക്സിലിയം പേരാമ്പ്രയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് വേണ്ട കോച്ചിങ്ങിന് പുറമെ കൃത്യമായ ഇടവേളകളിൽ പഞ്ചായത്തിന്റെ അഭിമുഖ്യത്തിൽ മോഡൽ പരീക്ഷകൾ നടത്തുകയും ആവശ്യമായ മറ്റ് സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും. പദ്ധതിയുടെ ഭാ​ഗമായി സ്വകാര്യ മേഖലയിൽ ജോലി ലഭ്യമാകുന്ന കോഴ്സുകൾ പൂർത്തീകരിച്ചവർക്ക് വേണ്ടി കേരളത്തിലെ പ്രമുഖ കമ്പനികളെ പങ്കെടുപ്പിച്ച് തൊഴിൽ മേളകളും സംഘടിപ്പിക്കും.

പദ്ധതിയുടെ ഉദ്ഘാടനം മെയ് 26 ന് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ അധ്യക്ഷത വഹിക്കും. കേരളത്തിലെ പ്രഗത്ഭനായ പി.എസ്.സി പരിശീലകൻ മൻസൂർ അലി കാപ്പുങ്കൽ ഉദ്യോഗാർത്ഥികളുമായി സംവദിക്കും.

date