Skip to main content

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പിന് നാളെ തുടക്കം 

 

കുട്ടികളില്‍ ചലച്ചിത്ര ആസ്വാദനശീലം വളര്‍ത്തുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ത്രിദിന ചലച്ചിത്രാസ്വാദന ക്യാമ്പ് നാളെ (മെയ് 27) ആരംഭിക്കും. സംവിധായകനും നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

നടിയും ടെലിവിഷന്‍ അവതാരകയുമായ ഗായത്രി വര്‍ഷയാണ് ക്യാമ്പ് ഡയറക്ടര്‍.
ശിശുക്ഷേമ സമിതിയുടെയും ജെന്‍ഡര്‍ പാര്‍ക്കിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ വടക്കന്‍ ജില്ലകളിലെ 8,9,10 ക്ലാസ്സുകളിലുള്ള 63 കുട്ടികളാണ് പങ്കെടുക്കുന്നത്. നടി അനുമോള്‍, സംവിധായകന്‍ അഷ്‌റഫ് ഹംസ, തിരക്കഥാകൃത്ത് വിനോയ് തോമസ്, പിന്നണി ഗായികയും നടിയും ശബ്ദലേഖികയുമായ രശ്മി സതീഷ്, സംവിധായകന്‍ മനോജ് കാന, ചലച്ചിത്ര നിരൂപകന്‍ പി.പ്രേമചന്ദ്രന്‍, നടന്‍ മനോജ് കെ.യു തുടങ്ങിയവര്‍ ചലച്ചിത്ര സംബന്ധിയായ വിഷയങ്ങളില്‍ ക്ലാസ്സുകളെടുക്കും.

ഹൈഫ അല്‍ മന്‍സൂര്‍ സംവിധാനം ചെയ്ത സൗദി അറേബ്യന്‍ സിനിമയായ 'വാജ്ദ', ബോങ് ജൂന്‍ ഹോ സംവിധാനം ചെയ്ത 'ഒക്ജ', സത്യജിത് റേയുടെ 'റ്റു',അബ്ബാസ് കിരോസ്തമിയുടെ ടു സൊല്യൂഷന്‍സ് ഫോര്‍ വണ്‍ പ്രോബ്‌ളം, ആല്‍ബര്‍ട്ട് ലമോറിസ് സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമായ 'ദി റെഡ് ബലൂണ്‍ 'തുടങ്ങിയ സിനിമകള്‍  ക്യാമ്പില്‍ പ്രദര്‍ശിപ്പിക്കും.

വെള്ളിമാടുകുന്ന് ജെന്‍ഡര്‍ പാര്‍ക്കില്‍ രാവിലെ പത്തു മണിക്ക് നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി മീരാ ദര്‍ശക്, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പില്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. അബ്ദുല്‍ നാസര്‍, ജെന്‍ഡര്‍ പാര്‍ക്ക് അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ സുരേഷ്, ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവും സംവിധായകനുമായ പ്രദീപ് ചൊക്‌ളി തുടങ്ങിയവര്‍ പങ്കെടുക്കും.

സമാപന ദിവസമായ മെയ്‌ 29ന് വൈകിട്ട് നാലു മണിക്ക് നടക്കുന്ന ചടങ്ങില്‍ നടനും സംവിധായകനും സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ മധുപാല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. മികച്ച ക്യാമ്പ് അംഗത്തിനും മികച്ച ചലച്ചിത്രാസ്വാദനക്കുറിപ്പ് എഴുതിയ വിദ്യാര്‍ത്ഥിക്കുമുള്ള 2000 രൂപയുടെ കാഷ് അവാര്‍ഡും മധുപാല്‍ സമ്മാനിക്കും.

date