Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 26-05-2023

നിയമസഭാ സമിതി യോഗം 29ന്

കേരള നിയമസഭയുടെ പട്ടികജാതി, പട്ടികവർഗ ക്ഷേമം സംബന്ധിച്ച സമിതി മെയ് 29 തിങ്കളാഴ്ച രാവിലെ 10ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. സമിതിയുടെ പരിഗണനയിലുള്ളതും ജില്ലയിൽനിന്ന് ലഭിച്ചിട്ടുള്ളതുമായ പരാതികളിൻമേൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് തെളിവെടുക്കും. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപെട്ടവർ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ സംബന്ധിച്ച് വ്യക്തികൾക്കും സംഘടനാ പ്രവർത്തകർക്കും യോഗത്തിൽ ഹാജരായി സമിതി അധ്യക്ഷനെ അഭിസംബോധന ചെയ്ത് തയ്യാറാക്കിയ ഹരജികളോ നിവേദനങ്ങളോ സമർപ്പിക്കാവുന്നതാണ്.

 

ഉപതെരഞ്ഞെടുപ്പ്: പ്രാദേശിക അവധി പ്രഖ്യാപിച്ചു

ജില്ലയിൽ മെയ് 30ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കണ്ണൂർ കോർപ്പറേഷൻ 14ാം വാർഡ് പള്ളിപ്രം, ചെറുതാഴം പഞ്ചായത്ത് 16ാം വാർഡ് കക്കോണി എന്നിവിടങ്ങളിലെ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് വോട്ടെടുപ്പ് ദിവസം അവധി. പോളിങ്ങ് സ്റ്റേഷനായി പ്രവർത്തിക്കുന്ന വാരം യു പി സ്‌കൂൾ, പള്ളിപ്രം യു പി സ്‌കൂൾ, വാരം മാപ്പിള എൽ പി സ്‌കൂൾ, ചുമടുതാങ്ങി അങ്കണവാടി എന്നിവക്ക് മെയ് 29, 30 തീയ്യതികളിൽ അവധിയായിരിക്കും. സർക്കാർ, അർധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർ ഈ വാർഡുകളിലെ വോട്ടറാണെന്ന തെളിവുമായി അപേക്ഷിച്ചാൽ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ബന്ധപ്പെട്ടവർ ചെയ്യണമെന്നും കലക്ടർ അറിയിച്ചു.
സ്വകാര്യ സ്ഥാപനങ്ങൾ, ഐ ടി മേഖല, പ്ലാന്റേഷൻ മേഖല ഉൾപ്പെടെ എല്ലാ സ്വകാര്യ വ്യവസായ, വാണിജ്യ, വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും അന്നേ ദിവസം സ്വന്തം പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം സ്ഥാപന ഉടമകൾ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടറുടെ നിർദ്ദേശ പ്രകാരം ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. ഇതിന് വോട്ടറാണെന്ന് തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷിക്കണം.  

ഡ്രൈ ഡേ പ്രഖ്യാപിച്ചു

ജില്ലയിൽ മെയ് 30ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ മുന്നോടിയായി കണ്ണൂർ കോർപ്പറേഷൻ പള്ളിപ്രം 14ാം വാർഡ്, ചെറുതാഴം പഞ്ചായത്ത് കക്കോണി 16-ാം വാർഡ് പരിധികളിൽ മെയ് 28 വൈകീട്ട് ആറ് മുതൽ മെയ് 30 വൈകീട്ട് ആറ് വരെയും വോട്ടെണ്ണൽ ദിവസമായ മെയ് 31നും ഡ്രൈ ഡേ പ്രഖ്യാപിച്ചു.

ലഘു വ്യവസായ യോജന വായ്പ: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ നടപ്പാക്കുന്ന ലഘു വ്യവസായ യോജന പദ്ധതിക്കു കീഴിൽ സ്വയം തൊഴിൽ വായ്പ അനുവദിക്കുന്നതിന്  ജില്ലയിലെ പട്ടികജാതിയിൽപ്പെട്ട തൊഴിൽ രഹിതരായ യുവതീ-യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി നാലു ലക്ഷം രൂപയാണ് വായ്പ. അപേക്ഷകർ 18നും 55നും ഇടയിൽ പ്രായമുള്ളവരാകണം. കുടുംബ വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ കവിയരുത്. ആറു ശതമാനം പലിശ നിരക്കിൽ വായ്പാ തുക 60 തുല്യ മാസഗഡുക്കളായി തിരിച്ചടക്കണം. വായ്പാ തുകക്ക് കോർപറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കും കോർപറേഷന്റെ കണ്ണൂർ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0497-2705036, 9400068513.

 

സന്‍സദ് ആദര്‍ശ് ഗ്രാമയോജന: വി ഡി പിക്ക് അംഗീകാരം

സന്‍സദ് ആദര്‍ശ് ഗ്രാമയോജനയുടെ ഭാഗമായി ജോണ്‍ ബ്രിട്ടാസ് എം പി തെരഞ്ഞെടുത്ത പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിന്റെയും പി സന്തോഷ് കുമാര്‍ എം പി തെരഞ്ഞെടുത്ത ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെയും വില്ലേജ് ഡവലപ്‌മെന്റ് പ്ലാന്‍ (വി ഡി പി) അംഗീകരിച്ചു. ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സമയപരിധിക്കുളളില്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കുവാനും കൃത്യ സമയങ്ങളില്‍ പദ്ധതിയുടെ സ്ഥിതി വിവരങ്ങള്‍ പരിശോധിക്കുവാനും പി സന്തോഷ് കുമാര്‍ എം പി  ജില്ലാതല ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അസിസ്റ്റന്റ് കലക്ടര്‍ മിസല്‍ സാഗര്‍ ഭരത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കൂത്തുപറമ്പ് ബ്ലോക്ക് പ്രസിഡണ്ട് ആര്‍ ഷീല, പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സാജു സേവ്യര്‍, ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ബാലന്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ റ്റൈനി സൂസന്‍ ജോണ്‍, ജോണ്‍ ബ്രിട്ടാസ് എം പിയുടെ പ്രതിനിധി അനീഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

ലോക ക്വിസിങ് ചാംപ്യന്‍ഷിപ് ജൂണ്‍ മൂന്നിന്

ക്വിസ് ലോകചാമ്പ്യനെ കണ്ടെത്താന്‍ ഇന്റര്‍നാഷണല്‍ ക്വിസ്സിങ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് ക്വിസ് സംഘാടകരായ ക്യു ഫാക്ടറിയുടെ സഹകരണത്തോടെ 14 ജില്ലകളിലും ലോക ക്വിസ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ഐ ക്യു എ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. അമ്പിളി ശ്രീനിവാസന്‍, കോ-ഓര്‍ഡിനേറ്റര്‍ എന്‍ കെ ലിന്‍ജു, എം ശാരിക, ശീനാഥ് മട്ടന്നൂര്‍, കെ ഷെല്‍വിന്‍ എന്നിവര്‍ അടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു.
ലോകമെമ്പാടുമുള്ള നൂറിലധികം വേദികളിലായി ഒരേ ദിവസം നടക്കുന്ന മത്സരത്തില്‍ ജില്ലയിലെ വിജ്ഞാന പ്രേമികള്‍ക്ക് പ്രായ വിദ്യാഭ്യാസ ഭേദമെന്യേ പങ്കെടുക്കാം. ജൂണ്‍ മൂന്ന് ശനിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എഴുത്തു പരീക്ഷയുടെ മാതൃകയിലാണ് മത്സരം. ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്ന മത്സരത്തില്‍ ശാസ്ത്രം, കായികം, വിനോദം, ചരിത്രം തുടങ്ങി എട്ടു വിഷയങ്ങളിലായി 240 ചോദ്യങ്ങള്‍ ഉണ്ടാകും. മൂന്ന് മണിക്കൂറാണ് ദൈര്‍ഘ്യം. വിജയികള്‍ക്ക് ക്വിസിങ്ങില്‍ ലോക റാങ്കിങ്ങും 240 ചോദ്യങ്ങള്‍ അടങ്ങിയ ബുക്‌ലെറ്റും ഇന്ത്യയെ പ്രതിനിധീകരിച്ചതിനുള്ള സര്‍ട്ടിഫിക്കറ്റും ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 300 രൂപ രജിസ്‌ട്രേഷന്‍ ഫീ ഓണ്‍ലൈന്‍ ആയി അടച്ചു രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍: 9567285281, 9495669086, ഇമെയില്‍: wqckerala@gmail.com

ഗസ്റ്റ് അധ്യാപക നിയമിനം

നടുവില്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ എച്ച് എസ് ടി സോഷ്യല്‍ സയന്‍സ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബി എ, ബി-എഡ്, കെ-ടെറ്റ് എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 29ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 9400006493.

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

മെയ് 28 വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. അതിനാൽ, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബി എസ് സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് 

ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന് കീഴില്‍ പത്തനംതിട്ട കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി ( സി എഫ് ടി കെ) നടത്തുന്ന ബി എസ് സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിലേക്ക് പ്ലസ്ടു പാസായ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും www. cfrdkerala.inwww.supplycokerala.com എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍: 0468 2961144

എയര്‍ലൈന്‍ ഡിപ്ലോമ

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപത്തെ എസ് ആര്‍ സി ഓഫീസില്‍ ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം-33. https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 30. ഫോണ്‍: 0471 2570471, 9846033009.

ടെണ്ടര്‍

ഇരിട്ടി അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിനു കീഴിലുള്ള 104 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ കിറ്റ് സാധനങ്ങള്‍ (ട്രൈ സൈക്കിള്‍, സ്ലൈഡര്‍, ബ്ലൂടൂത്ത് മ്യൂസിക് സിസ്റ്റം) സ്റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ പ്രകാരം വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ടെണ്ടറുകള്‍ ജൂണ്‍ ഒമ്പത് ഉച്ചക്ക് രണ്ട് മണിക്കകം ശിശുവികസന പദ്ധതി ഓഫീസര്‍, ഇരിട്ടി അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസ്, മട്ടന്നൂര്‍ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0490 2471420.

ബി എസ് സി  കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സ്  

തോട്ടട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയുടെ കീഴിലെ കോളേജ് ഫോര്‍ കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിംഗ് കോളേജില്‍ ബി എസ് സി കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ www.admission.kannuruniversity.ac.in എന്ന സിങ്കിള്‍ വിന്‍ഡോ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷകര്‍ പ്ലസ്ടു പാസ്സായിരിക്കണം. ഗാര്‍മെന്റ് ഡിസൈനിംഗ്, കാഡ്, അഡ്വാന്‍സ്ഡ്് പാറ്റേണ്‍ മേക്കിംഗ്, മര്‍ച്ചന്റൈസിംഗ് ആന്റ് മാര്‍ക്കറ്റിംഗ്, ഫോട്ടോഗ്രാഫി, ഫാഷന്‍ ഇല്ലസ്‌ട്രേഷന്‍, സര്‍ഫെയ്‌സ് ഓര്‍ണമെന്റേഷന്‍ എന്നിവയാണ് കോഴ്‌സില്‍ ഉള്‍പ്പെട്ട വിഷയങ്ങള്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂണ്‍ 12. കൂടുതല്‍ വിവരങ്ങള്‍ ഐ ഐ എച്ച് ടിയുടെ www.iihtkannur.ac.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0497 2835390, 8281574390.

അധ്യാപക നിയമനം

കാസര്‍ഗോഡ് ഗവ. പോളിടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളില്‍ ലക്ച്ചറര്‍ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ രണ്ട്, അഞ്ച്, ആറ്, എട്ട് തീയ്യതികളില്‍ നടക്കും. ജൂണ്‍ രണ്ടിന് കമ്പ്യൂട്ടര്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങള്‍ക്കും അഞ്ചിന് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിനും ആറിന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിനും എട്ടിന് സിവില്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങള്‍ക്കുമാണ് കൂടിക്കാഴ്ച. ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ എഞ്ചിനീയറിംഗ് ബിരുദമാണ് കുറഞ്ഞ യോഗ്യത. കൂടിക്കാഴ്ചക്ക് ഹാജരാകുന്നവര്‍ അതത് ദിവസങ്ങളില്‍ രാവിലെ 10 മണിക്ക് മുമ്പ് ബയോഡാറ്റ, എല്ലാ അക്കാദമിക/പരിചയ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സലും പകര്‍പ്പുകളും സഹിതം പോളിടെക്‌നിക് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0467-2234020, 9995681711.

സാമൂഹിക ആഘാത പഠനം: ഏജന്‍സികള്‍ക്ക് അപേക്ഷിക്കാം

ജില്ലയില്‍ സാമൂഹിക ആഘാത പഠനം നടത്താനും സാമൂഹിക ആഘാതം തരണം ചെയ്യാനുള്ള പദ്ധതി തയ്യാറാക്കാനുമുള്ള ഏജന്‍സികളായി എംപാനല്‍ ചെയ്യാന്‍ ജില്ലാതലത്തില്‍ പുതിയ ഏജന്‍സികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഈ മേഖലയില്‍ മുന്‍പരിചയമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം.  പ്രവര്‍ത്തിപരിചയവും സാങ്കേതിക അറിവും തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ ആറിന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ കലക്ടര്‍, കലക്ടറേറ്റ്, കണ്ണൂര്‍ 670002 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍:0497 2700645

അസി. പ്രൊഫസര്‍ നിയമനം

കണ്ണൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അഡ്‌ഹോക്ക് അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ നിലവിലുള്ള ഒഴിവിലേക്കും ഈ അക്കാദമിക് വര്‍ഷം തീരുന്നതുവരെ ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകളിലേക്കും പരിഗണിക്കുന്നതിനായി എ.ഐ.സി.ടി.ഇ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ പ്രമാണങ്ങളുമായി മെയ് 29ന് രാവിലെ 10 മണിക്ക് സ്ഥാപനത്തില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gcek.ac.in സന്ദര്‍ശിക്കുക.

ടെണ്ടര്‍

തലശ്ശേരി ജില്ലാ കോടതിയിലെ 99 ഏസര്‍ വെരിറ്റോണ്‍ കമ്പ്യൂട്ടറുകളുടെ ഒരു വര്‍ഷത്തേക്കുള്ള അറ്റകുറ്റപ്പണികരാര്‍ (എ എം സി) ഏറ്റെടുത്ത് നടത്താന്‍ ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ എട്ടിന് വൈകിട്ട് അഞ്ചു മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0490-2960110, 9809703976, 9746435869.

ഫോട്ടോ വീഡിയോ  ചിത്രീകരണം: 

ക്വട്ടേഷന്‍ ക്ഷണിച്ചു

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കോഴിക്കോട്, കണ്ണൂര്‍, നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പുകളില്‍ ഫോട്ടോ, വീഡിയോ കവറേജ് ചെയ്യുന്നതിനും ഡിസ്‌പ്ലെ ടി വി സ്ഥാപിക്കുന്നതിനും വ്യക്തി/സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ ആറ് മുതല്‍ 22 വരെയാണ് ചിത്രീകരണം. കണ്ണൂര്‍, നെടുമ്പാശ്ശേരി ക്യാമ്പുകളിലെ ദിവസങ്ങള്‍ ഹജ്ജ് കമ്മിറ്റി നിര്‍ണയിക്കും. മികച്ച ക്യാമറ ക്വാളിറ്റി ഉണ്ടായിരിക്കണം. ഓരോ സമയം എടുക്കുന്ന ഫോട്ടോ, വീഡിയോ എന്നിവ തല്‍സമയം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും മീഡിയ സമിതി കണ്‍വീനര്‍ക്കും കൈകാര്യം ചെയ്യാവുന്ന വിധത്തില്‍ ക്വാളിറ്റി നഷ്ടപ്പെടാതെ ഇ-മെയില്‍, വാട്‌സ് ആപ് മുഖേന കൈമാറണം. ഹജ്ജ് ക്യാമ്പിലെ പരിപാടികള്‍, അതിഥി സന്ദര്‍ശനങ്ങള്‍, സുപ്രധാന രംഗങ്ങള്‍ എന്നിവ കൃത്യമായി പകര്‍ത്താന്‍ കഴിവുള്ള ജീവനക്കാരും ഉപകരണങ്ങളും വേണം. സര്‍ക്കാര്‍ തല പരിപാടിയുടെ സംവിധാനങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കണം. ഫോട്ടോ, വീഡിയോ പകര്‍ത്തി അത്യാവശ്യ എഡിറ്റിംഗ് നടത്തി കൈമാറുന്നതിന് ഒരു ദിവസത്തേക്കുള്ള സംഖ്യ എന്ന നിലയിലാണ് ക്വട്ടേഷന്‍ നല്‍കേണ്ടത്. ക്യാമ്പ് അവസാനിച്ചാല്‍ മുഴുവന്‍ ഫയലുകളും ഹജ്ജ് കമ്മിറ്റി നല്‍കുന്ന ഹാര്‍ഡ് ഡ്രൈവിലേക്ക് കോപ്പി ചെയ്യണം. ഈ പകര്‍പ്പുകളുടെ അവകാശം ഹജ്ജ് കമ്മിറ്റിക്ക് മാത്രമാണ്. ക്യാമ്പിനു ശേഷം 50 പേജുള്ള ഹജ്ജ് ക്യാമ്പ് 2023 ഫോട്ടോ ആല്‍ബം തയ്യാറാക്കാനുള്ള തുക പ്രത്യേകം കാണിക്കണം. ക്വട്ടേഷന്‍ പ്രകാരം അനുവദിക്കുന്ന തുകയില്‍ നിന്ന് നിയമാനുസൃത നികുതി ഈടാക്കും. ക്വട്ടേഷനുകള്‍ മെയ് 31 ന് വൈകിട്ട് മൂന്ന് മണിക്കകം എക്‌സിക്യൂട്ടീവ് ഓഫീസര്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി, ഹജ്ജ് ഹൗസ്, കാലിക്കറ്റ് എയര്‍പോര്‍ട്ട് പി ഒ, മലപ്പുറം- 673647 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0483 2710717, 2717572.

 

വൈദ്യുതി മുടക്കം

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൂത്തിരി കോവില്‍, മുച്ചിലോടു കാവ്, കുണ്ടത്തില്‍ മൂല, ഒ കെ യു പി  എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 27 ശനി രാവിലെ ഏഴു മുതല്‍ ഉച്ചക്ക് രണ്ടു മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ വൈറ്റ്‌കോള്‍, അഞ്ചുവീട്, പ്രൈം ക്രഷര്‍, മലബാര്‍ ക്രഷര്‍, ആദിത്യകിരണ്‍ കോളേജ്, വട്ടയാട്, സുവിശേഷപുരം, റസിയ ഇന്റര്‍ലോക്ക്, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 27 ശനി രാവിലെ എട്ടു മുതല്‍ അഞ്ചു മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴിലെ കൊറ്റാളി റൈസ് മില്‍, കുഞ്ഞിപള്ളി പെട്രോള്‍ പമ്പ്, റാഫ ആര്‍ക്കേഡ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 27 ശനി രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

 

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ സി പി സ്റ്റോര്‍, കാപ്പാട് ഹെല്‍ത്ത് സെന്റര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 27 ശനി രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ ഏറ്റുപാറ, കോട്ടക്കുന്ന്, മുതിരേന്തിക്കവല എന്നിവിടങ്ങളില്‍ മെയ് 27 ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ അടൂര്‍, പഞ്ചാംമൂല, എന്നിവിടങ്ങളില്‍ മെയ് 27 ശനി രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു മണി വരെയും ചുണ്ടക്കുന്ന്, ഓടക്കുണ്ട് തോപ്പിലായി എന്നിവിടങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചു മണി വരെയും വൈദ്യുതി മുടങ്ങും

 

.......................................................................

date