Skip to main content

കേന്ദ്ര സർക്കാറിൻ്റേത് സാഡിസ്റ്റ് സമീപനം: മുഖ്യമന്ത്രി

 

 

സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധി വെട്ടിക്കുറക്കുന്നതിലൂടെ കേന്ദ്ര സർക്കാർ കാണിക്കുന്നത് സാഡിസ്റ്റ് മനോഭാവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി കൺവെൻഷൻ സെൻററിൽ കേരളാ കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ആഭിമുഖ്യത്തിൽ ക്ഷേമനിധി അംഗങ്ങളായവരുടെ വിദ്യാർത്ഥികളായ മക്കൾക്കുള്ള സ്കോളർഷിപ്പ് വിതരണവും 2022-ലെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള സ്വർണ്ണ മെഡൽ ക്യാഷ് അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വലിയ സമ്പത്തുള്ള സംസ്ഥാനമല്ല കേരളം. കേരളത്തിൻ്റെ ഖജനാവിന് വലിയ ശേഷിയില്ല. സ്വന്തമായി വരുമാനമുണ്ടാക്കാനുള്ള സാധ്യതകൾ കേന്ദ്ര സർക്കാർ കൈയ്യടക്കി. അതിനുദാഹരണമാണ് ജി എസ് ടി. നമ്മുടെ നാടിൻ്റെ പുരോഗതിയുടെ കാര്യത്തിൽ നിഷേധാത്മക നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഫെഡറൽ സംവിധാനത്തെ ഇല്ലാതാക്കാനാണ് ശ്രമം-മുഖ്യമന്ത്രി പറഞ്ഞു. ഒരുപാട് ദുരന്തങ്ങളെ അതിജീവിച്ചവരാണ് കേരളീയർ. അക്കാലത്ത് അർഹതയുള്ള സഹായം പോലും ലഭിച്ചില്ല. അരിക്കും സേനാ സേവനങ്ങൾക്കും കേന്ദ്ര സർക്കാർ കാശ് ചോദിച്ചു. ഒരു സംസ്ഥാനത്തിന് നേരെ ഇത്രയ്ക്ക് നിഷേധാത്മക സമീപനം സ്വീകരിക്കുന്നത് ഒരു കേന്ദ്ര സർക്കാറിനും ഭൂഷണമല്ല. എൽ ഡി എഫിൻ്റെ മാത്രം പ്രശ്നമല്ല ഇത്. ഒരു നാടിൻ്റെയാകെ പ്രശ്നമാണ്. ഒരു ജനതയുടെ പുരോഗതിയുടെ പ്രശ്നമാണ്. ഒരു സംസ്ഥാനം നശിക്കട്ടെ എന്ന നിലപാടാണോ കേന്ദ്ര സർക്കാർ കൈക്കൊള്ളേണ്ടത് എന്ന് ആലോചിക്കണം. എന്നാൽ ഇത്രയൊക്കെയായിട്ടും ഇതിനെതിരെ പ്രതികരിക്കാൻ ചിലരൊന്നും തയ്യാറല്ല. മൗനമാണവർക്ക്. ഒരു നാടിൻ്റെ പ്രശ്നത്തിൽ ഇങ്ങനെ മാറി നിൽക്കുന്നത് ശരിയാണോ? ചിലരുടെ ഈ നിലപാട് നാം തിരിച്ചറിയേണ്ടതുണ്ട്. ദുരന്തങ്ങളെ അതിജീവിച്ച കേരളീയ ജനതയക്ക് മേൽ കേന്ദ്ര സർക്കാറിൻ്റെ നിലപാട് പ്രത്യേക ദുരന്തമായി വരികയാണ്- മുഖ്യമന്ത്രി പറഞ്ഞു. ഇടത് പക്ഷ സർക്കാർ അധികാരത്തിലിരിക്കുന്ന കാലത്തോളം തൊഴിലാളികൾക്കും പാവപ്പെട്ടവർക്കുമുള്ള ആനുകൂല്യനിഷേധം ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ വി ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പും സ്കോളർഷിപ്പും ഡോ.വി ശിവദാസൻ എം പി വിതരണം ചെയ്തു. ഏറ്റവും കൂടുതൽ കാലം സേവനം ചെയ്ത് വിരമിച്ച തൊഴിലാളികൾക്കുള്ള പാരിതോഷിക വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവ്വഹിച്ചു. പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ രാജീവൻ തൊഴിലാളികളെ അനുമോദിച്ചു.

ക്ഷേമനിധി ബോർഡ് മുൻ ചെയർമാൻ എം സുരേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ, ബോർഡ് അംഗങ്ങളായ ബേബി കമാരൻ, ടി എൻ രമേശൻ, കെ ദാസൻ, വി കെ അജിത്ത് ബാബു, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, ക്ഷേമനിധി ചീഫ് ഇൻസ്പെക്ടർ എംജി സുരേഷ്, പ്രോഗ്രാം കമ്മറ്റി കൺവീനർ വിവി രമേശൻ, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date