Skip to main content
നിയമവും ചട്ടവും പ്രായോഗികമായി ഉപയോഗിക്കണമെന്ന്  മന്ത്രി സജി ചെറിയാൻ 

നിയമവും ചട്ടവും പ്രായോഗികമായി ഉപയോഗിക്കണമെന്ന്  മന്ത്രി സജി ചെറിയാൻ 

 

-താലൂക്ക് തല മന്ത്രിമാരുടെ ആദ്യ അദാലത്തിന് തുടക്കമായി
-ഉടൻ പരിഹരിക്കാൻ കഴിയാത്ത അപേക്ഷകളിൽ സമയ ബന്ധിതമായി തീരുമാനം-മന്ത്രി പി.പ്രസാദ്

എല്ലാത്തിനും ചട്ടവും നിയമവും ഉണ്ട്. നിയമവും ചട്ടവും ജനങ്ങൾക്ക് വേണ്ടി എങ്ങനെ പ്രായോഗികമായി ഉപയോഗിക്കാമെന്നാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പഠിക്കേണ്ടത്. ആ പ്രായോഗികമായ വശം പഠിച്ചാൽ ചട്ടവും നിയമവും നിലനിൽക്കുമ്പോൾ തന്നെ 100 ശതമാനം പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയുമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.സംസ്ഥാന സർക്കാരിൻറെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കരുതലും കൈത്താങ്ങും എന്ന പേരിൽ നടത്തുന് ജില്ലയിലെ അദ്യ അദാലത്തായ  ചേർത്തല താലൂക്ക് തല പരാതി പരിഹാര അദാലത്ത്  സെന്റ് മൈക്കിൾസ് കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 
 ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാകണമെങ്കിൽ നമ്മുടെ മുന്നിൽ വരുന്ന ആൾ പറയുന്ന കാര്യം കേൾക്കണം. ആ കേൾക്കുന്ന കാര്യം ന്യായമാണെങ്കിൽ ഇടതും വലതും നോക്കാതെ ചെയ്തു കൊടുക്കുക എന്നതാണ് വ്യക്തിത്വം. സുതാര്യമായി കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചാൽ ആളുകൾക്ക് എന്താണോ ആവശ്യം അത് നൂറുശതമാനം ചെയ്യാൻ പറ്റും. പോക്കറ്റിന് കനമില്ലെങ്കിൽ ഏത് തീരുമാനം എടുത്താലും അതിനെതിരായി ഒരു നടപടിയും ആർക്കും സ്വീകരിക്കാൻ പറ്റില്ല. ഓരോ പാവപ്പെട്ടവന്റെയും കണ്ണുനീരൊപ്പുന്ന പ്രവർത്തനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

 പിണറായി വിജയൻ സർക്കാരിന്റെ തുടർച്ചയായ ഏഴ് വർഷം അഭൂതപൂർവ്വമായ മുന്നേറ്റമാണ് വികസന ക്ഷേമ മേഖലയിൽ സംസ്ഥാനത്തുണ്ടായത്. എല്ലാക്കാര്യത്തിലും നമ്മൾ വളരെയധികം മുന്നോട്ടുപോയി ക്കഴിഞ്ഞു. എന്നാൽ ആ മുന്നേറ്റത്തിനിടയിലും ചെറുതെങ്കിലും പരിഹരിക്കപ്പെടേണ്ടതായ പ്രശ്നങ്ങൾ ഉണ്ടാകും. 

 ഈ സർക്കാർ നിലവിൽ വന്നതിനുശേഷം ആദ്യം എടുത്ത തീരുമാനമാണ് ഫയൽ തീർപ്പാക്കൽ യജ്ഞം. തീർപ്പ് കൽപ്പിക്കാതെ കെട്ടിക്കിടന്ന ലക്ഷക്കണക്കിന് പരാതികളാണ്  എല്ലാ മന്ത്രിമാരും മന്ത്രിമാരുടെ ഓഫീസും ജീവനക്കാരും ഒറ്റക്കെട്ടായി  തീർപ്പാക്കിയത്. നയപരമായി സർക്കാർതലത്തിൽ, ഉദ്യോഗസ്ഥ തലത്തിൽ തീരുമാനമെടുക്കേണ്ട ചില കാര്യങ്ങളുണ്ട്. അത്തരം പ്രശ്നങ്ങൾ കൂടി ചേർത്തുകൊണ്ടാണ്  രണ്ടാം ഘട്ടമെന്ന നിലയിൽ താലൂക്ക് തല അദാലത്ത് നടത്തുന്നത്. താലൂക്ക് തല അദാലത്തിൽ 90% പരാതികളും പരിഹരിക്കപ്പെട്ടാൽ പിന്നീടുള്ള 10% പരാതികൾ സർക്കാർ നയപരമായ തീരുമാനമെടുത്ത് പരിഹരിക്കപ്പെടേണ്ടതാണെന്നും  മന്ത്രി പറഞ്ഞു.  

പരാതികളിൽ സമയബന്ധിതമായി തീരുമാനമെടുക്കുകയെന്നത്  പരമപ്രധാനമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഇവിടെ പരിഹാരമാകാത്ത വിഷയങ്ങളിൽ കൃത്യമായ തുടർച്ചയുണ്ടാകും. പരാതികൾ സമയബന്ധിതമായി പരിഹരിച്ചു എന്ന ഉറപ്പാക്കാൻ കളക്ട്രേററിൽ പ്രത്യേക സംവിധാനം ഉണ്ടാകും. മാസാവസാനം ജില്ല കളക്ടറിൽ നിന്ന് റിപ്പോർട്ട് തേടുമെന്നും കൃഷി മന്ത്രി പറഞ്ഞു.ചടങ്ങിൽ അദാലത്തിൻറെ ഭാഗമായി പരിഹാരം ലഭിച്ച എ.എ.വൈ, മുൻഗണന വിഭാഗക്കാർക്കുള്ള റേഷൻ കാർഡ് വിതരണവും മന്ത്രിമാർ നിർവഹിച്ചു.  
എ. എം. ആരിഫ്‌ എം.പി, എം.എൽ.എ.മാരായ ദലീമ ജോജോ, പി. പി. ചിത്തരഞ്ജൻ, ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ജി. രാജേശ്വരി, ജില്ല കളക്ടർ ഹരിത വി. കുമാർ, ചേർത്തല നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ജി. മോഹനൻ,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ കവിത ഷാജി, സ്വപ്ന ഷാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എൻ. എസ് ശിവപ്രസാദ്, വി. ഉത്തമൻ, പി. എസ് ഷാജി, എ.ഡി.എം എസ്. സന്തോഷ് കുമാർ, ചേർത്തല തഹസിൽദാർ എസ്.മനോജ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

date