Skip to main content

കാഴ്ചപരിമിതി നേരിടുന്ന നടേശന് കരുതലിന്റെ കണ്ണായി അദാലത്ത്

 കൈയില്‍ കിട്ടിയ റേഷന്‍ കാര്‍ഡില്‍ എഴുതിയിരിക്കുന്നത് കാണാനോ വായിക്കാനോ നടേശന് കഴിയില്ല.  എങ്കിലും തന്റെ ഏറെ നാളത്തെ  കാത്തിരിപ്പിന് സന്തോഷത്തിന്റെ പര്യവസാനം തന്ന സര്‍ക്കാരിനോട് നന്ദി പറയുകയാണ് ഈ അമ്പതിയാറുകാരന്‍.  സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് മന്ത്രിമാരായ പി.പ്രസാദ്,  സജി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന കരുതലും കൈത്താങ്ങും ചേര്‍ത്തല താലൂക്ക് തല പരാതി പരിഹാര അദാലത്തിലാണ്  അരൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് ചന്ദ്രിക നിവാസില്‍ താമസിക്കുന്ന കെ.എന്‍. നടേശന്റെ മുന്‍ഗണന   വിഭാഗത്തില്‍ ആയിരുന്ന റേഷന്‍ കാര്‍ഡ് എ. എ. വൈ വിഭാഗത്തിലേക്ക് തരം മാറ്റി നല്‍കിയത്.

നൂറ് ശതമാനവും കാഴ്ച പരിമിതി നേരിടുന്ന നടേശന്‍ ഭാര്യയുമൊത്ത് മൂന്ന് സെന്റ് ഭൂമിയില്‍ സര്‍ക്കാര്‍ അനുവദിച്ച വീട്ടിലാണ് താമസം. തെങ്ങ് കയറ്റ തൊഴിലാളി ആയിരുന്ന അദ്ദേഹത്തിന്  26 കൊല്ലമായി കാഴ്ച ശക്തി നഷ്ടപ്പെട്ടിട്ട്. ചെമീന്‍ പീലിങ് തൊഴിലാളിയായ ഭാര്യയ്ക്ക് ലഭിക്കുന്ന ചെറിയ കൂലി മാത്രമാണ് വരുമാനമാര്‍ഗ്ഗം. മുന്‍ഗണന റേഷന്‍ കാര്‍ഡ് ആയതിനാല്‍ വര്‍ഷങ്ങളായി കുടുംബത്തിന് സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയിരുന്ന സൗജന്യ ഭക്ഷ്യധാന്യങ്ങളും മറ്റ് സഹായങ്ങളും ലഭിച്ചിരുന്നില്ല. ഇവരുടെ ദയനീയസ്ഥിതി നേരിട്ടെത്തി മനസ്സിലാക്കിയ സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്‍ഗണനക്കാര്‍ഡ് എ. എ. വൈ വിഭാഗത്തിലേക്ക് മാറ്റി നല്‍കിയത്.

റേഷന്‍ കാര്‍ഡ് തരം മാറ്റി കിട്ടുന്നതോടെ റേഷന്‍ കടയില്‍ നിന്ന് കൂടുതല്‍ ഭക്ഷ്യധാന്യങ്ങളും മറ്റ് സര്‍ക്കാര്‍ സഹായങ്ങളും ലഭിക്കുമെന്ന സന്തോഷത്തിലാണ് നടേശനും ഭാര്യയും.

date