Skip to main content

കയർഫെഡിൽ കയർ സംഭരണം ഇന്ന് പുനരാരംഭിക്കും - മന്ത്രി പി. രാജീവ് 

കയർഫെഡിലൂടെയുള്ള കയർ സംഭരണം ഇന്ന് (30) മുതൽ പുനരാരംഭിക്കുമെന്ന് കയർ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കയർ കോർപ്പറേഷന്റെ ആഭ്യന്തര വിപണനം വിപുലമാക്കുന്നതിന്റെ ഭാഗമായി കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ വിതരണത്തിന് തയ്യാറായിട്ടുള്ള ഏജൻസികൾക്കുള്ള ഡിസ്ട്രിബ്യൂഷൻ സർട്ടിഫിക്കറ്റിന്റെ വിതരണവും ആദ്യ ഓർഡറിന്റെ തുക കൈമാറലും ആലപ്പുഴ ഗസ്റ്റ് ഹൗസിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലവർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ സംഘങ്ങളിൽ സ്റ്റോക്കിരിക്കുന്ന കയർ നശിച്ചു പോകുവാൻ സാധ്യതയുണ്ട്. കയർ സംഭരിക്കാൻ വൈകുന്നത് കയർപിരി തൊഴിലാളികൾക്ക് ജോലി കുറയുന്ന സാഹചര്യവും ഉണ്ടാക്കും. ഇത് പരിഗണിച്ചാണ് സഹകരണ സംഘങ്ങളിൽ ഉത്പാദിപ്പിച്ച് വെച്ചിരിക്കുന്ന കയർ ഇന്ന് മുതൽ സംഭരിക്കുന്നതിന് കയർഫെഡിന് നിർദ്ദേശം നൽകിയിട്ടുള്ളത്.

പ്രത്യേക കിഴിവ് നൽകി കയർ വിറ്റഴിക്കുമ്പോൾ ഉണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനായി സർക്കാർ വിലവ്യതിയാന ഫണ്ടിൽ നിന്നും അനുവദിച്ച പ്രൈസ് ഫ്ലക്ച്ചുവേഷൻ ഫണ്ട് ക്ലെയിം, സർവീസ് ചാർജ് എന്നീ ഇനങ്ങളിലായി കയർഫെഡിന് നൽകാനുണ്ടായിരുന്ന മൂന്നര കോടിയോളം രൂപ ഇതിനകം അനുവദിച്ചു നൽകിയിട്ടുണ്ട്. ഈ തുകയും കയർഫെഡിൻ്റെ തനത് ഫണ്ടും കൂടി ഉപയോഗിച്ച് സംഘങ്ങൾക്ക് നൽകാനുള്ള കയർ വില കുടിശ്ശികയും കയർഫെഡിലൂടെ ഇന്ന് മുതൽ നൽകി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി മാനേജീരിയൽ സബ്സിഡി നൽകുന്നതും വർക്കിംഗ് ക്യാപിറ്റലിൻ്റെ കാര്യവും സർക്കാർ പരിഗണിക്കുമെനും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ കയർ കോർപ്പറേഷൻ ചെയർമാൻ ജി. വേണുഗോപാൽ, കയർഫെഡ് ചെയർമാൻ ടി. കെ. ദേവകുമാർ, കെ.എസ്.ഡി.പി ചെയർമാൻ സി.ബി. ചന്ദ്രബാബു, കയർ വകുപ്പ് അഡീഷണൽ ഡയറക്ടർ ടി.ഒ. ഗംഗാധരൻ, കയർ കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ പ്രതീഷ് ജി. പണിക്കർ, ജനറൽ മാനേജർ എൻ. സുനരാജ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആർ. നാസർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ
തുടങ്ങിയവർ പങ്കെടുത്തു.

date