Skip to main content

തൊഴിൽതീരം പദ്ധതി; ഉന്നതതല യോഗം ചേർന്നു 

മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകർക്കായുള്ള പ്രത്യേക വൈജ്ഞാനിക തൊഴിൽ പദ്ധതി തൊഴിൽതീരത്തിന്റെ ഉന്നതതല ജനപ്രതിനിധി- ഉദ്യോഗസ്ഥ യോഗം ചേർന്നു. പൊതുമരാമത്ത് ടൂറിസം വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് യോഗം ഉദ്ഘാടനം ചെയ്തു. നമ്മുടെ സംസ്ഥാനത്തെ വിവിധ പഠന മേഖലയിൽ അഭ്യസ്തവിദ്യരായ യുവജനങ്ങളെ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റിയെടുക്കുക എന്ന നൂതനമായ ആശയത്തിനാണ് സർക്കാർ  തുടക്കമിടുന്നത്. ബേപ്പൂർ നിയോജക മണ്ഡലത്തിലെ തീരദേശ പ്രദേശത്തുള്ള യുവജനങ്ങൾക്കും കുടുംബങ്ങൾക്കും മാറ്റമുണ്ടാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബേപ്പൂർ നിയോജക മണ്ഡലത്തിൽ നടത്തുമെന്ന് മന്ത്രി പറഞ്ഞു. 

മാത്തോട്ടം വനശ്രീ ഹാളിൽ ചേർന്ന യോഗത്തിൽ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. 

പദ്ധതിയുടെ പൈലറ്റ് പ്രവർത്തനങ്ങൾക്കായി ജില്ലയിൽ ബേപ്പൂർ നിയോജക മണ്ഡലത്തെയാണ് തെരഞ്ഞെടുത്തത്. കേരള നോളജ് ഇക്കോണമി മിഷൻ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ മണ്ഡലത്തിലെ അഭ്യസ്തവിദ്യരായ മത്സ്യബന്ധന സമൂഹത്തിലെ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നൈപുണി പരിശീലനത്തിലൂടെ വൈജ്ഞാനിക തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതിയാണ് തൊഴിൽ തീരം. പദ്ധതി മൂന്ന് മാസം കൊണ്ട് പൂർത്തിയാക്കുവാനാണ് മിഷൻ ലക്ഷ്യമിടുന്നത്. 

കേരള നോളജ് ഇക്കോണമി മിഷൻ റീജിയണൽ പ്രോഗ്രാം മാനേജർ  സുമി പ്രോജക്ട് അവതരണവും ജില്ലാ പ്രോഗ്രാം മാനേജർ റഫ്സീന തൊഴിൽ മേഖലയും പരിചയപ്പെടുത്തി. തുടർന്ന് ചർച്ച നടത്തി. 

ഫറോക്ക് മുനിസിപ്പാലിറ്റി ചെയർമാൻ എൻ.സി അബ്ദുൽ റസാഖ്, രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ബുഷ്‌റ റഫീഖ്, കൗൺസിലർമാർ, ഉദ്യോഗസ്ഥർ,  കുടുംബശ്രീ, അസാപ്പ്, ഐസിടി അക്കാദമി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ് ശ്രീകല സ്വാഗതവും റഫ്സീന നന്ദിയും പറഞ്ഞു.

date