Skip to main content

മത്സ്യ വിഭവത്തിന് വിപണി കണ്ടെത്തുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല

കാർഷിക മേഖലയിൽ ഉയർന്നുവരുന്ന വിപണിപോലെ
മത്സ്യ വിഭവത്തിന്റെ വിൽപ്പന വിപുലപ്പെടുത്താനായി വിപണി കണ്ടെത്തുമെന്ന് കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി പർഷോത്തം രൂപാല. 
സാഗർ പരിക്രമ യാത്രയുടെ ഭാഗമായി  സമുദ്ര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഗുണഭോക്തൃ സംഗമം ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രധാൻ മന്ത്രി മത്സ്യ സമ്പദ യോജന വഴി തീരദേശ മേഖലക്കായി കേന്ദ്രം കോടികളുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. മത്സ്യബന്ധന മേഖലക്ക് മാത്രമായി മോദി സർക്കാർ ഫിഷറീസ് മന്ത്രാലയം രൂപീകരിച്ചത് സമൂഹത്തിന്റെ അടിത്തട്ടിലെ ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കിയാണെന്നും കിസാൻ ക്രെഡിറ്റ് കാർഡ് സംവിധാനം പോലെ ഫിഷർമാൻ ക്രെഡിറ്റ് കാർഡ് സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്കിടയിലെ പോഷകാഹാര ന്യൂനതകൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച തീരസദസ്സ് മാതൃകപരമായിരുന്നെന്നും തീരദേശ മേഖലയിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളുമായി ചേർന്ന് നിൽക്കുമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.

ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. ആഴക്കടൽ മത്സ്യബന്ധനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിന് കൂടുതൽ യന്ത്രവൽകൃത യാനങ്ങൾ അനുവദിക്കണമെന്ന്  കേന്ദ്രമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു. സുനാമി ബാധിത പ്രദേശങ്ങളിൽ നിർമ്മിച്ച പതിനായിരം വീടുകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് കേന്ദ്രം ഫണ്ട് അനുവദിക്കണമെന്നും മണ്ണെണ്ണ എഞ്ചിനിൽ നിന്നും എൽപിജി, ഡീസൽ എന്നിവയിലേക്ക് മാറാൻ വേണ്ട സഹായങ്ങളും കേന്ദ്രം നൽകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. കടൽ ഖനനം കേരളത്തെ  പ്രതികൂലമായി ബാധിക്കുമെന്നും എല്ലാ ട്രേഡ് യൂണിയൻ നേതാക്കൾക്കും ഇക്കാര്യത്തിൽ ഏക അഭിപ്രായമുള്ള സാഹചര്യത്തിൽ കേന്ദ്രസർക്കാർ കടൽ ഖനനത്തിൽ നിന്നും കേരളത്തെ ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 
സി ആർ സെഡുമായി ബന്ധപ്പെട്ട ഭേദഗതിയിൽ കേരളത്തെ പ്രത്യേകമായി പരിഗണിക്കണമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. 

കേന്ദ്ര ഫിഷറീസ് സഹ മന്ത്രി ഡോ. എൽ മുരുകൻ, വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ , തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, മേയർ ഡോ.ബീന ഫിലിപ്പ്, ജില്ലാ കലക്ടർ എ ഗീത എന്നിവർ മുഖ്യാതിഥികളായി. സബ് കലക്ടർ വി ചെൽസാസിനി, ഫിഷറീസ് അഡീഷണൽ ഡയറക്ടർ എൻ.എസ് ശ്രീലു ഹൈദരാബാദ് നാഷണൽ ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ബോർഡ്  ചീഫ് എക്സിക്യൂട്ടീവ് സി സുവർണ്ണ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബി കെ സുധീർ കിഷൻ, ഗവ ആർട്സ് ആൻഡ് സയൻസ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ.പി പ്രിയ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ  സംബന്ധിച്ചു.

മത്സ്യതൊഴിലാളികൾക്കുള്ള വിവിധ ആനുകൂല്യങ്ങളുടെ വിതരണവും കേന്ദ്ര മന്ത്രി നിർവ്വഹിച്ചു. മത്സ്യ തൊഴിലാളികൾ നൽകിയ പരാതികളും നിവേദനങ്ങളും മന്ത്രി സ്വീകരിച്ചു. പരിപാടിയോടനുബന്ധിച്ച് തിരുവാതിര, കളരിപ്പയറ്റ്, മോഹിനിയാട്ടം, ഒപ്പന തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി.

date