Skip to main content

ദുരിതാശ്വാസ വാർത്തകൾ 1

ചെങ്ങന്നൂരിൽ അതിരാവിലെ തുടങ്ങിയ രക്ഷാപ്രവർത്തനം

ആലപ്പുഴ:പ്രതികൂല കാലാവസ്ഥയും ആറ്റിലെ ഒഴുക്കും മഴയും മൂലം പ്രതിസന്ധി നേരിട്ട ചെങ്ങന്നൂരിലെ രക്ഷാപ്രവർത്തനം വെള്ളിയാഴ്ച  നേരം പുലർന്നതോടെ ഊർജ്ജിതമായി. കൊടിക്കുന്നിൽ സുരേഷ് എം.പി., സജി ചെറിയാൻ  എം.എൽ.എ,  അഡിഷണൽ ജില്ലാ മജിസ്ട്രേറ്ര്, ദുരന്തനിവാരണ ഡെപ്യൂട്ടികളക്ടർ എന്നിവരുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ താലൂക്ക് ഓഫീസിൽ കൺട്രോൾ റൂം സജ്ജമാക്കിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 

41 മത്സ്യത്തൊഴിലാളി ബോട്ടുകൾ സക്രീയമായി ചെങ്ങന്നൂരിൽ വെള്ളക്കെട്ടിലകപ്പെട്ടവരെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കുന്നതിന് രാവിലെ മുതൽ രംഗത്തുണ്ടായിരുന്നു. കൊല്ലത്തുനിന്നുള്ള മത്സ്യത്തൊഴിലാളികളുടെ ബോട്ടും എത്തി. ആവശ്യമായ അധികം ബോട്ടുകൾ ചള്ളിയുൾപ്പടെയുള്ള കടപ്പുറത്തുനിന്നും ഇവിടെ എത്തിക്കാനുള്ള ശ്രമം നടത്തുന്നതായി മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ പറഞ്ഞു. ജില്ലാ ഭരണകൂടം ഇടപെട്ട് കൂടുതൽ വള്ളങ്ങൾ ചെങ്ങന്നൂരിൽ എത്തിക്കുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ 19  വള്ളങ്ങൾ കൂടി ചെങ്ങന്നൂർക്ക് അനുവദിച്ചു.

കുട്ടനാട്, കൈനകരി ഭാഗങ്ങൾ ധനമന്ത്രി സന്ദർശിച്ചു

ആലപ്പുഴ: കുട്ടനാട് , കൈനകരി ഉൾപ്പടെയുള്ള സ്ഥലങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ സംസ്ഥാന ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പ്രസ്തുത പ്രദേശങ്ങൾ സന്ദർശിച്ചു.  പുലർച്ചെ ആരംഭിച്ച സന്ദർശനം ഉച്ചവരെ തുടർന്നു.  കൈനകരി, മുട്ടാർ, രാമങ്കരി, തലവടി , പുളിങ്കുന്ന് പ്രദേശങ്ങളിൽ നിന്ന് പരമാവധി ആളുകളെ ഒഴിപ്പിച്ചു.  ചില ഭാഗങ്ങളിൽ ആളുകൾ ഒഴിയാതെ അവശേഷിക്കുന്നുണ്ട്. അവരെക്കൂട് സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുന്നതിന്  കൂടുതൽ ഹൗസ് ബോട്ടുകളും രക്ഷാ നൗകകളും ഉപയോഗിക്കുന്നുണ്ട്.

                  രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി ജില്ലാ ഭരണകൂടം

 

ആലപ്പുഴ: രക്ഷാപ്രവർത്തനത്തിന് എല്ലാവിധ നേതൃത്വവും  നൽകി ജില്ലാ ഭരണകൂടം രംഗത്തുണ്ട്. മുഴുവൻ സമയ കൺട്രോൾ റൂമിൽ ലഭിക്കുന്ന വിവരങ്ങൾക്കനുസരിച്ച്  രക്ഷാപ്രവർത്തനത്തിന് പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ് ഈ ടീം ചെയ്യുന്നത്. ജില്ലാ കളക്ടർ എസ്.സുഹാസ്,  സ്പെഷൽ ഓഫീസർ എൻ.പത്മകുമാർ, സബ്കള്ടർ കൃഷ്ണ തേജ എന്നിവരാണ് എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നത്. ഇവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് ജില്ലയിലെ മന്ത്രിമാരും രംഗത്തുണ്ട്. 

എസ്.പി.യുടെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ സേനയുടെ പ്രവർത്തനം

ആലപ്പുഴ: വ്യാഴാഴ്ച രാത്രിയോടെ ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രൻ ചെങ്ങന്നൂരിൽ എത്തി വിവിധ സേനാവിഭാഗങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നു. എൻ.ഡി.ആർ.എഫ്,  എ.ടി.ബി.പി.എന്നിവർ രംഗത്തുണ്ട്. കൂടാതെ ഫയർഫോഴ്സ്, കേരളപോലിസ് എന്നിവരെയും രംഗത്തിറക്കിയിട്ടുണ്ട്. ചെങ്ങന്നുരിൽ ഒറ്റപ്പെട്ടുപോയവരെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുന്നതിനാണ് സേന മുൻഗണന നൽകുന്നത്.നിലവിലുള്ളത് കൂടാതെ  നൂറോളം പോലീസ് സേനാംഗങ്ങളെക്കൂടി രക്ഷാപ്രവർത്തനത്തിന് വിനിയോഗിച്ചിട്ടുണ്ട്.

 

രക്ഷാ പ്രവർത്തനത്തിന് നൂറോളം ബോട്ടുകൾ

 

ആലപ്പുഴ: കുട്ടനാട്, ചമ്പക്കുളം, കൈനകരി, മുട്ടാർ, രാമങ്കരി, തലവടി, പുളിങ്കുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ടിലായവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കുന്നതിന് നൂറോളം ബോട്ടുകൾ ഉപയോഗിച്ചു. ഉച്ചയോടെ വെളിയനാട് ബോട്ട് അടിയന്തിരമായി ആവശ്യപ്പെട്ടതിനെത്തുടർന്ന് രണ്ട് ബോട്ടുകൾ എത്തിച്ചു. പാണ്ടനാട്, എടനാട് എന്നിവിടങ്ങളിൽ കാലാവസ്ഥ മോശമാണെങ്കിലും എയർലിഫ്റ്റിങിന് ശ്രമിച്ചുവരുകയാണ്. മങ്കൊമ്പ് ,വെളിയനാട്, പുളിങ്കുന്ന്, കാവാലം, രാമങ്കരി, എടത്വ എന്നിവിടങ്ങളിലേക്ക് ഹൗസ് ബോട്ടുകൾ, ശിക്കാര, സ്പീഡ് ബോട്ട് എന്നിവ അയച്ചു. ബോട്ടുകൾ നിശ്ചിത സ്ഥലങ്ങളിൽ എത്തി ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നുണ്ട്. ബോട്ടിൽ ജെട്ടിയിലെത്തുന്നവരെ കെ.എസ്.ആർ.ടി.സി ബസ്സിൽ സുരക്ഷിത സ്ഥാനങ്ങലിലേക്ക് മാറ്റി.        ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ എത്തി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഭക്ഷണപ്പൊതികൾ എത്തിക്കാനാണ് ശ്രമിക്കുന്നത്.

എൻ.ഡി.ആർ.എഫിന്റെ അഞ്ച് സംഘങ്ങളെക്കൂടി ഇന്നലെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചു

ആലപ്പുഴ: ജില്ലയിലെത്തിയ ദുരന്ത നിവാരണ സേനയുടെ അഞ്ചുസംഘങ്ങളെ വെള്ളിയാഴ്ച ജില്ലയുടെ   വിവിധ ഭാഗങ്ങളിൽ വിന്യസിപ്പിച്ചു. രണ്ടു സംഘങ്ങളെ ചെങ്ങന്നൂരിലും  ഓരോ സംഘത്തെ വീതം രാമങ്കരി, മുട്ടാർ, പുളിങ്കുന്നം ഭാഗങ്ങളിലേക്കുമാണ് നിയോഗിച്ചിട്ടുള്ളത്. ഇവർ രക്ഷാ പ്രവർത്തനത്തിന് സജീവമായി. 

date