Skip to main content
ഒറ്റമശ്ശേരി തീര സംരക്ഷണം: തുടർ നടപടികൾ ഉടൻ ആരംഭിക്കും- മന്ത്രി പി. പ്രസാദ്

ഒറ്റമശ്ശേരി തീര സംരക്ഷണം: തുടർ നടപടികൾ ഉടൻ ആരംഭിക്കും- മന്ത്രി പി. പ്രസാദ്

ഒറ്റമശ്ശേരി തീരം സംരക്ഷിക്കാനുള്ള തുടർ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്.  ഇതിനായി പ്രദേശത്ത് നിരത്തുന്നതിന് ആവശ്യമായ ടെട്രാപോഡുകളുടെ എണ്ണമെടുക്കാനും നിലവിൽ കരിങ്കല്ല് ഉള്ള ഭാഗത്ത് ടെട്രാപോഡുകൾ സ്ഥാപിച്ചുകൊണ്ട് തീരം കടലേറ്റത്തിൽ നിന്നും സംരക്ഷിക്കാനും അടിയന്തിര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഒറ്റമശ്ശേരിയിൽ പുലിമുട്ട് നിർമാണവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷയിൽ കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യങ്ങൾ ചർച്ച ചെയ്തത്. ടെട്രാപോഡുകളുടെ ലഭ്യത  ഉറപ്പാക്കാൻ കരാറുകാരോട് മന്ത്രി നിർദേശിച്ചു.
 
ഒറ്റമശ്ശേരി തീരത്തെ കടലേറ്റത്തിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള പുലിമുട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് കൃഷിമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്നിരുന്നു. കിഫ്ബി, വൻകിട ജലസേചന വകുപ്പ്, കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ഷൻ ഡെവലപ്‌മെൻറ് കോർപ്പറേഷൻ എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിന്റെ തുടർനടപടികൾ വേഗത്തിലാക്കാനാണ് കളക്ട്രേറ്റിൽ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. 

ടെട്രാപോഡുകളുടെ നിർമാണം ജൂൺ 20-ന് പുനരാരംഭിക്കാൻ യോഗത്തിൽ തീരുമാനമായി. നിർമാണത്തിനാവശ്യമായ യന്ത്രസാമഗ്രികളും വാഹനങ്ങളും ഉടൻതന്നെ എത്തിക്കും. കാലഹരണപ്പട്ട കടൽഭിത്തിയുടെ അറ്റകുറ്റപണികൾ നടത്തുന്ന കാര്യവും യോഗത്തിൽ ചർച്ച ചെയ്തു. അന്ധകാരനഴി സംബന്ധിച്ച് ഫിഷറീസ്, ജലസേചന മന്ത്രിമാരുടെ സാന്നിധ്യത്തിൽ പ്രത്യേക യോഗം ചേരാനും തീരുമാനമായി. 

ജില്ല കളക്ടർ ഹരിത വി. കുമാർ, ഫാ. സേവ്യർ കുടിയാംശ്ശേരി, ഫാ. അലക്സാണ്ടർ കൊച്ചീക്കാരൻ, എ.ഡി.എം. എസ്. സന്തോഷ്‌കുമാർ, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ ആശ സി. എബ്രഹാം, കിഫ്ബി, വൻകിട ജലസേചനം, കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date