Skip to main content
ആശങ്കകൾ ഒഴിഞ്ഞു: കായംകുളം ഒ.എൻ.കെ ജംഗ്ഷനിൽ അടിപാത വരും

ആശങ്കകൾ ഒഴിഞ്ഞു: കായംകുളം ഒ.എൻ.കെ ജംഗ്ഷനിൽ അടിപാത വരും

 

 

 ദേശീയപാത നവീകരിച്ച് ആറുവരിയിൽ നിർമ്മിക്കുമ്പോൾ കായംകുളം ഒ.എൻ.കെ. ജംഗ്ഷനിൽ അടിപാത വേണമെന്ന ആവശ്യം തുടക്കം മുതൽ ഉയർന്നിരുന്നു. കായംകുളം മണ്ഡലത്തിലെ ദേശീയ പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി എ.എം. ആരിഫ് എം. പി, യു പ്രതിഭ എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിൽ ജില്ല കളക്ടർ ഹരിത വി. കുമാറിൻറെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് ആശങ്ക പരിഹരിച്ചത്. 

ഒ.എൻ.കെ. ജംഗ്ഷനിൽ നാലര മീറ്റർ ഉയരത്തിലും ഏഴര മീറ്റർ വീതിയിലുമായി അടിപ്പാത നിർമിക്കാൻ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർക്ക് യോഗത്തിൽ നിർദേശം നൽകി. ഇതിനു പുറമേ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാഡിന് സമീപവും ജി.ടി.എം ജംഗ്ഷനിലും അടിപ്പാതകൾ നിർമിക്കും. 

വനിത പോളിടെക്നിക്ക് കോളേജിലേക്ക് സർവ്വീസ് റോഡ് ഉണ്ടാകും. കായംകുളം മാർക്കറ്റിനേയും ദേശീയ പാതയേയും ബന്ധിപ്പിക്കുന്ന ഷെഹീദാർ പള്ളി ഭാഗത്ത് വലിയ വാഹനങ്ങൾ സുഗമമായി കടന്നുവരുന്നതിനുള്ള ക്രമീകരണങ്ങൾ പരിശോധിച്ച് നടപ്പാക്കാനും ദേശീയപാത അധികൃതർക്ക് നിർദേശം നൽകി. സർവീസ് റോഡുകൾ എല്ലാം നന്നായി ക്രമീകരിക്കന്നത്തോടെ താലൂക്ക് ആശുപത്രി, ശഹീദാർ പള്ളി, പോളിടെക്നിക് കോളേജ് എന്നിവിടങ്ങളിലേക്കുള്ള യാത്ര സൗകര്യം കൂടുതൽ എളുപ്പമാകും.

യോഗത്തിൽ സ്പെഷ്യൽ തഹസിൽദാർ എസ്. ബിജു, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ, കരാറുകാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ  തുടങ്ങിയവർ പങ്കെടുത്തു.

date