Skip to main content

പരിശീലനം ലഭിച്ച തൊഴിലാളികളെ ലഭ്യമാക്കി കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കും: മന്ത്രി വി ശിവൻകുട്ടി

തൊഴിൽ പരിശീലനം നേടിയ തൊഴിലാളികളെ ലഭ്യമാക്കി കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് തൊഴിലും നൈപുണ്യവും വികസന വകുപ്പ് എന്ന് മന്ത്രി വി. ശിവൻകുട്ടി. പ്രതീക്ഷ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ പൈതൃകവുമായും സംസ്കാരവുമായും വളരെയധികം  ബന്ധപ്പെട്ട കിടക്കുന്നതാണ് കൈത്തറി വസ്ത്രങ്ങൾ. എന്നാൽ ഇന്ന് ഈ മേഖല തൊഴിലാളികളുടെ ലഭ്യത കുറവുമൂലം  പ്രതിസന്ധി നേരിടുകയാണ്. ഇത് പരിഹരിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. മഞ്ചവിളാകം പൂവത്തൂർ എക്കോടെക്സ് കൺസോർഷത്തിൽ നടന്ന ചടങ്ങിൽ സി. കെ ഹരീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ചു.

കേരള സർക്കാരിന്റെ മൂന്നാം 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസും ലേബർ കമ്മീഷണറേറ്റും സംയുക്തമായി ആവിഷ്കരിച്ചിട്ടുളള പദ്ധതിയാണ് പ്രതീക്ഷ. കാലഹരണപ്പെട്ടതും കാലഹരണ ഭീഷണി നേരിടുന്നതുമായ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവരേയും പ്രവർത്തിച്ചിരുന്നവരേയും കണ്ടെത്തി നൂതന നൈപുണ്യ പരിശീലനം നൽകി സ്ഥിരവരുമാനം ഉറപ്പ് വരുത്തുന്നതിനായി മറ്റു മേഖലകളിൽ പുനർ വിന്യസിപ്പിക്കുന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

ഇതോടൊപ്പം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന സങ്കൽപ്പ് എന്ന പദ്ധതിയിലും, സംസ്ഥാന സർക്കാർ കെയ്സ് വഴി നടപ്പിലാക്കുന്ന വനിതകളുടെ നൈപുണ്യ വികസന പദ്ധതിയിലുമുൾപ്പെടുത്തി കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടി പ്രത്യേക നൈപുണ്യ പരിശീലന പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്.

80 വനിതകൾക്കാണ് നിലവിൽ പരിശീലനത്തിന് അവസരം നൽകുന്നത്. പരിശീലനം പൂർത്തീകരിച്ചതിനുശേഷം ഈ വനിതകളെയും എക്കോടെക്സ് കൺസോർഷത്തിന് കീഴിലുള്ള വിവിധ സൊസൈറ്റികളിൽ 500 രൂപയ്ക്ക് മുകളിൽ ദിവസവേതനതോടെ സ്ഥിരം തൊഴിലാളികളായി തൊഴിൽ നൽകുകയും ചെയ്യുന്നതാണ് ഈ പദ്ധതി.

date