Skip to main content

മേനംകുളം എല്‍.പി സ്‌കൂളിലെ പാഠങ്ങള്‍ ഇനി കളര്‍ഫുള്‍

സമഗ്ര ശിക്ഷാ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മേനംകുളം എല്‍.പി സ്‌കൂളില്‍ നിര്‍മിച്ച സ്റ്റാര്‍സ് വര്‍ണ്ണ കൂടാരം മാതൃകാ പ്രീപ്രൈമറി വിഭാഗത്തിന്റെ ഉദ്ഘാടനം വി ശശി എം.എല്‍.എ നിര്‍വഹിച്ചു. പൊതു വിദ്യാലയങ്ങളുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണ് സ്റ്റാര്‍സ് വര്‍ണ്ണ കൂടാരമെന്ന് എം.എല്‍.എ പറഞ്ഞു. പദ്ധതി വഴി പൊതു വിദ്യാലയങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് ക്ലാസ് മുറികളും സ്‌കൂളിന്റെ പരിസരവും ചുറ്റുമതിലും കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. ഭാഷായിടം, വരയിടം, ഗണിതയിടം, കുഞ്ഞരങ്ങ്, ആട്ടവും പാട്ടും, ഇ-ഇടം, ശാസ്ത്രയിടം, അകം കളിയിടം, പുറം കളിയിടം, ഹരിതയിടം, സെന്‍സറി ഇടം (പഞ്ചേന്ദ്രിയയിടം ) കരകൗശലയിടം, നിര്‍മ്മാണയിടം എന്നീ 13 ഇടങ്ങള്‍ വിദ്യാര്‍ത്ഥികളുടെ സമഗ്രമായ ഭൗതിക വളര്‍ച്ചയ്ക്കായി വിദ്യാലയത്തില്‍ ഒരുക്കിയിരിക്കുന്നു. പ്രീ പ്രൈമറി ക്ലാസ് മുറികളുടെ മുന്‍വശത്തായി നിര്‍മ്മിച്ചിരിക്കുന്ന കളിയിടവും വിദ്യാലയത്തിനു മുന്‍വശത്തായി നിര്‍മ്മിച്ചിരിക്കുന്ന കൃത്രിമ വെള്ളച്ചാട്ടവും മൃഗങ്ങളുടെ ശില്പങ്ങളും കുട്ടികള്‍ക്ക് ഒരേപോലെ വിനോദവും വിജ്ഞാനവും നല്‍കുന്നവയാണ്. സമഗ്ര ശിക്ഷ കേരളം വര്‍ണ്ണ കൂടാരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപയും പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ നിന്നും നാട്ടുകാരില്‍ നിന്നും സ്വരൂപിച്ച സഹായധനവും ഉപയോഗിച്ചാണ് നിര്‍മ്മാണം  പൂര്‍ത്തീകരിച്ചത്. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത അനി, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍. ഹരിപ്രസാദ്, ജില്ലാ പഞ്ചായത്തംഗം ഉനൈസ അന്‍സാരി, അധ്യാപകര്‍, രാഷ്ട്രീയ - സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും പങ്കെടുത്തു.

date