Skip to main content

ജനകീയ സദസ്സും വാർഡുതല അദാലത്തും ജൂൺ 17 ന് 

കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ജനങ്ങളുടെ വികസന ആവശ്യങ്ങൾ കേൾക്കുന്നതിനും മുൻകൂട്ടി ലഭിച്ച പരാതികൾ പരിഹരിക്കുന്നതിനും തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ നടത്തുന്ന ജനകീയ സദസിന്റെയും വാർഡ് തല അദാലത്തിന്റെയും രണ്ടാം ഘട്ടം ജൂൺ 17 ന് ആഴ്ചവട്ടം ഗവ.എച്ച്‌.എസ് സ്കൂളിൽ നടക്കും. വലിയങ്ങാടി, പാളയം, ചാലപ്പുറം, ആഴ്ചവട്ടം, മാങ്കാവ്, കിണാശ്ശേരി, പൊക്കുന്ന്, പുതിയറ, കുതിരവട്ടം എന്നീ വാർഡുകളിലെ പരാതികളാണ് പരിഗണിക്കുക. അദാലത്തിൽ നേരിട്ടും പരാതികൾ സ്വീകരിക്കും. 

ഭൂമി സംബന്ധമായ വിഷയങ്ങൾ, അതിർത്തി നിർണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം, സർട്ടിഫിക്കറ്റുകൾ/ ലൈസൻസുകൾ നൽകുന്നതിനുള്ള കാലതാമസം/ നിരസിക്കൽ, തണ്ണീർത്തട സംരക്ഷണം, ക്ഷേമ പദ്ധതികളായ വിവാഹ/പഠന ധനസഹായം,ക്ഷേമപെൻഷൻ, പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, സാമൂഹ്യ സുരക്ഷാ പെൻഷൻ പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്കരണം, തെരുവുനായ സംരക്ഷണം/ശല്യം, അപകടകരങ്ങളായ മരങ്ങൾ മുറിച്ചു മാറ്റുന്നത്, അതിർത്തി തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും, വയോജന സംരക്ഷണം, തെരുവ് വിളക്കുകൾ, കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട പരാതികൾ, പൊതുജല സ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ള പ്രശ്നങ്ങളും, റേഷൻ കാർഡ്, വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ട പരാതികൾ,ശാരീരിക/ബുദ്ധി/ മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ,  പ്രാദേശിക വികസന പ്രശ്നങ്ങൾ എന്നിവയാണ് അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ.

ജൂൺ 18ന് പയ്യാനക്കൽ ജി.വി.എച്ച്.എസ്.എസിൽ മൂന്നാം ഘട്ട അദാലത്ത് നടക്കും.

date