Skip to main content

ബാലുശ്ശേരി അങ്ങാടിയിൽ ഗതാഗത പരിഷ്കാരം നടപ്പിലാക്കി

 

ബാലുശ്ശേരി അങ്ങാടിയിലെ ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്തല ട്രാഫിക് റഗുലേറ്ററി കമ്മറ്റി യോഗം ചേർന്നു. അങ്ങാടിയിലെ ഓട്ടോറിക്ഷാ പാർക്കിംഗ്, മറ്റ് വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ നടപ്പിലാക്കി. ബാലുശ്ശേരി മാർക്കറ്റിനു സമീപം  നിലവിലുണ്ടായിരുന്ന ഓട്ടോറിക്ഷാ പാർക്കിംഗ്  ബസ് സ്റ്റാൻഡിനു പടിഞ്ഞാറു ഭാഗം കെ. സ്.എഫ്.ഇ യുടെ സമീപത്തേക്ക് മാറ്റുന്നതിന് തീരുമാനമായി.

കൊയിലാണ്ടി- താമരശ്ശേരി റോഡിൽ  ബാലുശ്ശേരി ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് പഴയ പോസ്റ്റ് ഓഫീസ് റോഡ് ജംഗ്ഷന്‍ വരെ സംസ്ഥാന പാതക്ക് വടക്ക് ഭാഗത്ത് പൂർണ്ണമായും പാർക്കിംഗ് നിരോധിച്ചു. പോസ്റ്റ് ഓഫീസ് റോഡിൽ സബ് ട്രഷറി വരെയും ഹൈസ്കൂൾ റോഡിൽ സംസ്ഥാന പാത ജംഗ്ഷൻ മുതല്‍ ത്രിവേണി സൂപ്പർമാർക്കറ്റ് വരെ റോഡിന് ഇരുവശവും കൈരളി റോഡിനു പടിഞ്ഞാറു ഭാഗവും ബസ് സ്റ്റാന്‍റ് മുതൽ ഉദയ മെഡിക്കൽസ് വരെ റോഡിന് ഇരുവശവും, ബസ് സ്റ്റാന്റില്‍ നിന്നും പടിഞ്ഞാറോട്ട് പോകുന്ന റോഡിന് ഇരുവശവും ഉള്ള പാർക്കിംഗും നിരോധിച്ചു. 

ഹൈസ്കൂൾ റോഡിലും കൈരളി റോഡിലും വലിയ വാഹനങ്ങൾ നിർത്തി സാധനങ്ങൾ കയറ്റുന്നതും രാത്രി എട്ട് മണിക്ക് ശേഷം മാത്രമായി നിജപ്പെടുത്തി. ബാലുശ്ശേരി ബസ് സ്റ്റാന്റില്‍ നിന്ന് പോകുന്ന ബസുകൾ പോസ്റ്റ് ഓഫീസ് വരെ റോഡിൽ പല സ്ഥലത്തും നിർത്തി ആളുകളെ കയറ്റുന്നത് കർശനമായി വിലക്കാനും തീരുമാനിച്ചു. നിലവില്‍ ചിറക്കൽ കാവ് ക്ഷേത്രത്തിന് സമീപമുള്ള ഗുഡ്സ് വാഹനങ്ങളുടെ പാർക്കിംഗ് സംസ്ഥാന പാതയിൽ പോലീസ് സ്റ്റേഷന് സമിപത്തേക്ക് മാറ്റുന്നതിന് തീരുമാനിച്ചു.

പഴയ പോസ്റ്റ് ഓഫീസിന് സമീപം ബസ് നിർത്തുന്നത് ഗതാഗത തടസ്സത്തിന് കാരണമാകുന്നതിനാൽ ബസ് സ്റ്റോപ്പ് അൽപ്പം കൂടി കിഴക്ക് ഭാഗത്തേക്ക് മാറ്റുന്നതിന് തീരുമാനിച്ചതായി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം
ഗിരീഷ് അറിയിച്ചു.

date