Skip to main content
വാകത്താനം ഉണ്ണാമറ്റം എൽ.പി.ബി. സ്‌കൂളിൽ രാജ്യാന്തരനിലവാരത്തിൽ നിർമിച്ച വർണക്കൂടാരം മാതൃകാ പ്രീ പ്രൈമറി സ്‌കൂളിന്റെ ഉദ്ഘാടനം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു.

കുരുന്നുകൾക്ക് വർണക്കൂടാരം തുറന്ന് ഉണ്ണാമറ്റം എൽ.പി. സ്‌കൂൾ

 

 രാജ്യാന്തര നിലവാരത്തിൽ നവീകരിച്ച മാതൃകാ വാകത്താനം പ്രീ പ്രൈമറി സ്‌കൂൾ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.

കോട്ടയം: വികസിതരാജ്യങ്ങളിൽ കാണുന്നതുപോലെയുള്ള പ്രീപ്രൈമറി സ്‌കൂൾ  സൗകര്യങ്ങൾ കേരളത്തിലെ നാട്ടിൻപുറങ്ങളിലും ആയിക്കൊണ്ടിരിക്കുകയാണെന്നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ.  വാകത്താനം ഉണ്ണാമറ്റം എൽ.പി.ബി. സ്‌കൂളിൽ സമഗ്രശിക്ഷ കേരള സ്റ്റാഴ്‌സ് പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യാന്തരനിലവാരത്തിൽ നിർമിച്ച വർണക്കൂടാരം മാതൃകാ പ്രീ പ്രൈമറി സ്‌കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാം കണ്ടുപഠിക്കാനും കേട്ടറിയാനുമുളള പശ്ചാത്തലസൗകര്യങ്ങളൊരുക്കുകയാണ് സർക്കാർ ചെയ്യുന്നത്്. ഒന്നും രണ്ടും പിണറായി സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി ഒരുക്കിയ അടിസ്ഥാനസൗകര്യപദ്ധതി വികസനത്തിന്റെ വിജയമാണിപ്പോൾ കാണുന്നതെന്നും മന്ത്രി പറഞ്ഞു. തൊഴിലന്വേഷകരായയല്ല തൊഴിൽദായകരായി തലമുറയെ വാർത്തെടുക്കുന്നതിനുവേണ്ടി അടുത്ത 25 വർഷക്കാലത്തേക്കുള്ള സമഗ്ര വിദ്യാഭ്യാസപരിഷ്‌കരണമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
 ചടങ്ങിൽ വാകത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ഇളങ്കാവിൽ, ബ്ലോക്ക് പഞ്ചായത്തംഗം ബീനാ കുന്നത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ബീനാ സണ്ണി, ഗ്രാമപഞ്ചായത്തംഗം രമേശ് നടരാജൻ, സമഗ്രശിക്ഷ കേരള ജില്ലാപ്രോഗ്രാം കോഡിനേറ്റർ കെ.ജെ. പ്രസാദ്, സമഗ്രശിക്ഷ കേരള ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ആശാ ജോർജ്, ബിനു എബ്രഹാം, എസ്.എസ്.കെ. ചങ്ങനാശ്ശേരി ബി.പി.സി. ജി. രാജേഷ് ബാബു, പ്രധാനാധ്യാപിക പ്രീതിരാജ്, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ടി.ടി. മനോജ് എന്നിവർ പ്രസംഗിച്ചു.
  സമഗ്രശിക്ഷ കേരളം അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രീ പ്രൈമറി സ്‌കൂൾ കെട്ടിടം നവീകരിച്ചത്. മാതൃക പ്രീ പ്രൈമറി സ്‌കൂളാക്കി മാറ്റുന്നതിന്റെ ഭാഗമായി സ്‌കൂളിന്റെ ചുവരുകളും മറ്റും ചിത്രങ്ങൾ വരച്ച് ആകർഷകമാക്കി. കുട്ടികൾക്കായി ചിൽഡ്രൻസ് പാർക്ക്, പഠന, വായന, രചന, ശാസ്ത്ര, ഗണിത മൂലകൾ അടങ്ങിയ ആക്റ്റിവിറ്റി ഏരിയയും ഒരുക്കിയിട്ടുണ്ട്.

 

 
 

 

date