Skip to main content

ചിറക്കൽ, രാമന്തളി സ്മാർട്ട് വില്ലേജ് ഓഫീസുകൾക്ക് തറക്കല്ലിട്ടു ജനകീയ സമിതികൾ വില്ലേജ് ഓഫീസുകളെ അഴിമതി രഹിതമാക്കും:  മന്ത്രി കെ രാജൻ

പട്ടയമിഷന്റെ ഭാഗമായി വില്ലേജ് തലത്തിൽ ആരംഭിച്ച ജനകീയ സമിതികൾ വില്ലേജ് ഓഫിസുകളെ പൂർണമായും അഴിമതി രഹിതമാക്കാനുള്ള ജനാധിപത്യ സംവിധാനമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ചിറക്കൽ, രാമന്തളി സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ശിലാസ്ഥാപനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എം എൽ എ മാരുടെ നേതൃത്വത്തിൽ ജൂലൈയിൽ മണ്ഡലതലയോഗങ്ങൾ ചേരുമെന്ന്  മന്ത്രി പറഞ്ഞു. പട്ടയത്തിന് അർഹരായവരെ കണ്ടെത്തി ഡാഷ് ബോർഡിൽ ചേർക്കാനും ഭൂമിപ്രശ്‌നങ്ങൾ പരിഹരിക്കാനും ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ മൂന്നാമത്തെ വെള്ളിയാഴ്ചകളിലും ചേരുന്ന വില്ലേജ് തല ജനകീയ സമിതികളിൽ പങ്കാളികളാകേണ്ട പൊതു പ്രവർത്തകർ ഉത്തരവാദിത്തം നിറവേറ്റണമെന്നും മന്ത്രി പറഞ്ഞു. വില്ലേജ് ഓഫീസർ കൺവീനറായ ജനകീയ സമിതികളിൽ അതത് മണ്ഡലം എം എൽ എ മാർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സർക്കാർ നോമിനേറ്റ് ചെയ്യുന്ന അംഗങ്ങൾ തുടങ്ങിയവരാണ് പങ്കെടുക്കുക.
കെ വി സുമേഷ് എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാ കലക്ടർ എസ് ചന്ദശേഖർ മുഖ്യാതിഥിയായി. കണ്ണൂർ തഹസിൽദാർ എം ടി സുരേഷ് ചന്ദ്ര ബോസ് റിപ്പോർട്ട് അവതരിപ്പിച്ചു. ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, സ്ഥിരം സമിതി അധ്യക്ഷൻ കെ വി സതീശൻ, അംഗം ചന്ദ്രമോഹനൻ, ചിറക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി അനിൽകുമാർ, അംഗം കെ കെ നാരായണൻ, ചിറക്കൽ വില്ലേജ് ഓഫീസർ എ കെ ആരിഫ് തുടങ്ങിയവർ സംസാരിച്ചു.
രാമന്തളിയിൽ ടി ഐ മധുസൂദനൻ എം എൽ എ അധ്യക്ഷത വഹിച്ചു. രാമന്തളി പഞ്ചായത്ത് പ്രസിഡണ്ട് വി ഷൈമ, ജില്ലാപഞ്ചായത്ത് അംഗം സി പി ഷിജു, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം എ വത്സല, പഞ്ചായത്തംഗം പി പി നാരായണി, എ ഡി എം കെ കെ ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു
 

date