Skip to main content
മലബാർ റിവർ ഫെസ്റ്റിവൽ

മലബാർ റിവർ ഫെസ്റ്റിവൽ :  അവലോകന യോഗം ചേർന്നു

തുഷാരഗിരി ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ആഗസ്റ്റ് 4,5,6 തിയ്യതികളിൽ നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി വിവിധ സബ് കമ്മിറ്റികളുടെയും ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും കൂടിയാലോചനായോഗം ചേർന്നു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  അലക്സ് തോമസ് അധ്യക്ഷത വഹിച്ചു. കോടഞ്ചേരി കമ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ 
അഡ്വഞ്ചർ ടൂറിസം സി ഇ  ഒ ബിനു കുര്യാക്കോസ് റിപ്പോർട്ട് അവതരിപ്പിച്ചു.

യോഗത്തിൽ വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി.  കയാക്കിങ് മത്സരത്തിന്റെ പ്രധാന ഇവന്റുകൾ തീരുമാനിച്ചു. നാഷണൽ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ ഒളിമ്പിക്സിലേക്കുള്ള ട്രയൽസും മലബാർ ഫെസ്റ്റിന്റെ ഭാഗമായി നടത്താൻ തീരുമാനിച്ചു. പ്രീ ഇവന്റുകളായി  100 പേരെ പങ്കെടുപ്പിച്ചുകൊണ്ട് കോഴിക്കോട്, കൽപ്പറ്റ ,അരീക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള സൈക്കിൾ റാലിക്ക് ജൂലൈ 29ന് പുലിക്കയത്ത് സ്വീകരണം നൽകും. ഓമശ്ശേരിയിൽ മഡ് ഫുട്ബോൾ മത്സരവും കക്കാടംപൊയിലിൽ ഓഫ് റോഡ് വാഹന റാലിയും കോടഞ്ചേരിയിൽ ഓഫ് റോഡ് ചാമ്പ്യൻഷിപ്പും സംഘടിപ്പിക്കും. റെസ്പോൺസിബിൾ ടൂറിസത്തിന്റെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റും, സ്ത്രീകൾക്കായി മഴ നടത്തവും സംഘടിപ്പിക്കും.

ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ചിന്നാ അശോകൻ, ടൂറിസം ജോയിന്റ് ഡെപ്യൂട്ടി ഡയറക്ടർ ഡി ഗിരീഷ് കുമാർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡോ ഷൈൻ കെ എസ് , ഡി ടി പി സി സെക്രട്ടറി നിഖിൽദാസ് ,പഞ്ചായത്ത് മെമ്പർമാർ , സബ് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു

date