Skip to main content

അന്തർദേശീയ യോഗാ ദിനം ജില്ലാതല ഉദ്ഘാടനം നാളെ 

 

ഒൻപതാമത് അന്തർദേശീയ യോഗാദിനവുമായി  ബന്ധപ്പെട്ട് ജില്ലയിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നാളെ (ജൂൺ 19) രാവിലെ എട്ട് മണിക്ക് തുറമുഖം  പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവ്വഹിക്കും. സമുദ്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം. എൽ.എ അധ്യക്ഷത വഹിക്കും.

ആയുഷ് വകുപ്പിന് കീഴിലുള്ള നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്റർ ആയുഷ് യോഗാ ക്ലബ് ഉദ്ഘാടനം മേയർ ഡോ.ബീന ഫിലിപ്പ് നിർവഹിക്കും.

ജീവിതശൈലി രോഗങ്ങളുടെ നിയന്ത്രണത്തിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും മാനസിക, സാമൂഹിക ആരോഗ്യത്തിനും യോഗയുടെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുകയാണ് യോഗാദിനത്തിന്റെ ലക്ഷ്യം. “വസുധൈവ കുടുംബകം - ഏകലോക സമഗ്ര ആരോഗ്യം' എന്നതാണ് ഈ വർഷത്തെ സന്ദേശം.

യോഗാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ 1000 ആയുഷ് യോഗാ ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കോഴിക്കോട് ജില്ലയിൽ ഇപ്പോൾ നിലവിലുള്ള 35 ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ ആയുഷ് യോഗ ക്ലബ്ബുകൾ സ്ഥാപിച്ച്‌ ജീവിതശൈലി രോഗ നിയന്ത്രണം ഉറപ്പാക്കും. അന്തർദേശീയ യോഗാദിനമായ ജൂൺ 21 ന് കോഴിക്കോട് ജില്ലാ തല ആയുഷ് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കും.

date