Skip to main content

വിവരാവകാശനിയമം ജനപക്ഷനിയമമാണ് : സംസ്ഥാന വിവരാവകാശ കമ്മിഷണർ

വിവരാവകാശ നിയമം ജനപക്ഷ നിയമമാണെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ എ എ ഹക്കിം. തൊടുപുഴ താലൂക്ക് ഓഫീസ് ഹാളിൽ നടത്തിയ തെളിവെടുപ്പിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവരാവകാശ നിയമപ്രകാരം മറുപടി നൽകുന്ന കാര്യത്തിൽ എല്ലാ വിഭാഗം ഉദ്യോഗസ്ഥരുടെയും സഹകരണം ഉണ്ടാകണം. മിക്ക ഓഫീസുകളിൽ നിന്നും നിശ്ചിത സമയത്തിനുള്ളിൽ വിവരങ്ങൾ നൽകാതെ 30 ദിവസം കഴിയാൻ കാത്തുനിൽക്കുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. അപേക്ഷ ലഭിച്ചാൽ ലഭ്യമായ വിവരങ്ങൾ എത്രയും വേഗം നൽകണം. വിവരാവകാശ നിയമം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുളള നിയമമായി ആരും കരുതരുത്. അവർ ശമ്പളം വാങ്ങുന്നതിന് അവർക്ക് നിശ്ചയിക്കപ്പെട്ട ജോലിയുണ്ട്. വേതനം പറ്റാതെ പൊതുജനങ്ങൾക്ക് നൽകുന്ന സേവനമാണിത്. പൊതുജനങ്ങൾ ഗുണപ്രദമായി ഇത് ഉപയോഗിക്കണം. ഉദ്യോഗസ്ഥരും പൊതുജനങ്ങളും തമ്മിലുള്ള മത്സരത്തിന്റെ വേദിയായി വിവരാവകാശ നിയമത്തിന്റെ പഴുതുകളെ ദുരുപയോഗം ചെയ്യരുതെന്നും കമ്മീഷൻ അഭ്യർത്ഥിച്ചു.

സംസ്ഥാന വിവരാവകാശ കമ്മിഷൻ ഇടുക്കി ജില്ലയിൽ നടത്തിയ തെളിവെടുപ്പിൽ വിവിധ വകുപ്പുകളിലെ പൊതുബോധന ഓഫീസർമാരും ഒന്നാം അപ്പീൽ അധികാരികളും അപ്പീൽ ഹർജിക്കാരും പങ്കെടുത്തു. 11 ഫയലുകളാണ് കമ്മീഷൻ പരിശോധിച്ചത്. അതിൽ 10 എണ്ണത്തിലും തീരുമാനമായി. ഒരെണ്ണം കൂടുതൽ പരിശോധനയ്ക്കായി മാറ്റി വെച്ചു.
സഹപ്രവർത്തകന്റെ സർവീസ് ബുക്ക്‌ 23 വർഷം ലഭ്യമാക്കാതത കേസിൽ ജീവനക്കാർ കുറ്റം സമ്മതിച്ചു. അവർക്കെതിരെ കമ്മീഷൻ ശിക്ഷ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. വിവരാവകാശത്തിന് മറുപടി കൊടുക്കുന്ന ഉദ്യോഗസ്ഥർ തങ്ങളുടെ പേരും സ്ഥാന പേരും കൃത്യമായി കൊടുക്കുന്നില്ലയെന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത് ചട്ടത്തിൽ ഉള്ളതാണെന്നും നിർബന്ധമായും അത്തരം വിവരങ്ങൾ കൊടുക്കണമെന്നും കമ്മീഷൻ പറഞ്ഞു.

date