Skip to main content

പശു പരിപാലനത്തിൽ ശുചിത്വം പാലിക്കണം- മൃ​ഗ സംരക്ഷണ വകുപ്പ്

 

മഴക്കാലത്ത് പശു പരിപാലനത്തിൽ ശുചിത്വം പാലിക്കണമെന്ന് മൃ​ഗ സംരക്ഷണ വകുപ്പ്. പശുക്കൾക്ക് ചോർച്ചയില്ലാത്ത വൃത്തിയുള്ള തൊഴുത്ത് ക്ഷീരകർഷകർ ഉറപ്പുവരുത്തണമെന്നും അധികൃതർ വ്യക്തമാക്കി.

ഈർപ്പത്തിന്റെ അളവ് കൂടുന്നതുവഴി രോഗാണുക്കളുടെയും ബാഹ്യപരാദങ്ങളുടെയും എണ്ണം പെരുകാനും ഇത് മൂലം രോഗങ്ങൾ കൂടാനും സാധ്യതയുണ്ട്. ഈർപ്പം കൂടുമ്പോൾ പശുക്കളിൽ അകിടു വീക്കം, കുളമ്പു ചീയൽ, വിരശല്യം എന്നിവ കൂടുതലായി കാണപ്പെടുന്നു. കൂടാതെ വൃത്തിഹീനമായ തൊഴുത്തുകളിൽ കൂടുതലായി ഉണ്ടാകുന്ന അമോണിയ ശ്വാസ സംബന്ധമായ രോഗങ്ങൾക്കും വഴിയൊരുക്കും. കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ പശുക്കൾക്ക് ഊർജ്ജ സമ്പുഷ്ടമായി തീറ്റ നൽകണം. ജലാംശം കൂടുതൽ അടങ്ങിയ പുല്ല് അമിതമായി നൽകുന്നത് വയറിളക്കത്തിന് ഇടയാക്കും. അതിനാൽ പച്ചപുല്ലിനൊപ്പം ഫൈബർ അടങ്ങിയ വൈക്കോൽ നൽകണമെന്നും നിർദേശിച്ചു.

ബാഹ്യപരാദങ്ങളെ നിയന്ത്രിക്കാൻ മരുന്നുകൾ ഉപയോഗിക്കാം. കാലിത്തീറ്റ പൂപ്പൽ പിടിക്കാതെ ഉണങ്ങിയ ഈർപ്പം തട്ടാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കണം. നനഞ്ഞ പത്രം ഉപയോഗിച്ച് തീറ്റ ചാക്കിൽ നിന്ന് എടുക്കാൻ പാടില്ല. മഴക്കാലത്ത് വിരശല്യം കൂടാൻ സാധ്യതയുള്ളതിനാൽ പ്രതിരോധ വിരമരുന്ന് നൽകാം. അകിടുവീക്കം നിയന്ത്രിക്കാൻ പ്രൊവിഡോൺ ലോഡൈൻ ലായനി മുലക്കാമ്പുകളിൽ ഉപയോഗിക്കുന്നത് ശീലമാക്കണം. 

കാലവർഷം മൂലം കർഷകർക്കുണ്ടാകുന്ന നാശനഷ്ടം റിപ്പോർട്ട് ചെയ്യുന്നതിനായി  24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം കോഴിക്കോട് ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ പ്രവർത്തനം ആരംഭിച്ചു. ഫോൺ നമ്പർ : 8921344036

date