Skip to main content

പുത്തനുണർവിൽ പുറക്കാട്ടിരി ആയുർവേദ ആശുപത്രി; കൂടുതൽ തസ്തികകൾ അനുവദിച്ചു

 

പുറക്കാട്ടിരി ആയുർവേദ ആശുപത്രിയിലെ കുട്ടികളുടെയും കൗമരക്കാരുടെയും കിടത്തി ചികിത്സാവാർഡ് ഇനി അടഞ്ഞ് കിടക്കില്ല. സർക്കാർ നൽകിയ ഉറപ്പ് ഊട്ടിയുറപ്പിക്കുന്നതാണ് ആശുപത്രിക്ക് അനുവദിച്ച പുതിയ തസ്തികകൾ. സ്ഥിരം ജീവനക്കാരുടെ അപര്യാപ്തത ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ വനം - വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ധന-ആരോഗ്യ മന്ത്രിമാരുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ തസ്തികകൾ അനുവദിച്ചത്. 

കൗമാരഭൃത്യം, പഞ്ചകർമ്മ, ആയൂർവേദം എന്നിവയിൽ ഓരോ മെഡിക്കൽ ഓഫീസർമാർ, നാല് നഴ്സ്, ഒരു ഫാർമസിസ്റ്റ് എന്നിങ്ങനെയാണ് തസ്തികകൾ അനുവദിച്ചത്. വിവിധ തരം രോഗങ്ങളാൽ പ്രയാസപ്പെടുന്ന നിരവധി കുട്ടികളുടെ ആശ്രയമാണ് എ.സി. ഷൺമുഖദാസ് ഗവ. ആയുർവേദ ആശുപത്രി.

ആയുർവേദ മരുന്ന്, പഞ്ചകർമ്മ തെറാപ്പി എന്നിവയ്ക്കൊപ്പം ലേണിംഗ് അസസ്മെന്റ്, റെമഡിയൽ ട്രെയിനിംഗ്, ഫിസിയോതെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, സ്പീച്ച് ആന്റ് ലാംഗ്വേജ് തെറാപ്പി, ക്ലിനിക്കൽ യോഗ, സൈക്കോളജി എന്നീ വകുപ്പുകളിൽ നിന്നുള്ള സേവനങ്ങളും നിർധനരായ കുട്ടികൾക്കും പരിചരണം നൽകുന്നവർക്കും നൽകി വരുന്നുണ്ട്.  സെറിബ്രൽ പാൾസി, ഓട്ടിസം, എ.ഡി.എച്ച്.ഡി തുടങ്ങിയ രോഗങ്ങൾക്ക് ഇവിടെ നല്ല ചികിത്സയുണ്ട്. വ്യക്തിഗത തെറാപ്പിക്ക് പുറമേ, ഗ്രൂപ്പ് തെറാപ്പി, രക്ഷാകർതൃ വിദ്യാഭ്യാസ പരിപാടികൾ, സ്കൂൾ പരിഹാര പരിപാടികൾ, ബോധവൽക്കരണ ക്ലാസുകൾ എന്നിവയും നടത്തി വരുന്നു.

വലിയ ചെലവ് വരുന്ന ഇത്തരം ചികിത്സകൾ സാധാരണക്കാർക്ക് സർക്കാർ നിരക്കിൽ ലഭ്യമാക്കുകയാണ് 30 കിടക്കകളുള്ള ആശുപത്രിയിൽ. മികച്ച ജീവനക്കാരുടെ ഇടപെടലിലൂടെ സാധാരണക്കാർക്ക് ഏറെ ആശ്വാസമാകുന്നതാണ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ. നിലവിലുള്ള താൽക്കാലിക ജീവനക്കാർക്ക് പുറമേ കൂടുതൽ തസ്തികകൾ സൃഷ്ടിക്കപ്പെടുന്നതോടെ ആശുപത്രിയുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാകും. ആധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കി മികവിൻ്റെ കേന്ദ്രമാക്കി ആശുപത്രിയെ മാറ്റുമെന്ന്
മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.

date