Skip to main content

സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌ക്കാരത്തിനുള്ള നോമിനേഷനും യുവജന ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡിനുള്ള അപേക്ഷയും ക്ഷണിച്ചു

ആലപ്പുഴ: 2022ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌ക്കാരത്തിനുള്ള നോമിനേഷനും യുവജന ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡിനുള്ള അപേക്ഷയും ക്ഷണിച്ചു. വ്യക്തിഗത പുരസ്‌ക്കാരത്തിനായി അതത് മേഖലകളിലെ 18നും 40നും ഇടയില്‍ പ്രായമുള്ള യുവജനങ്ങളെയാണ് നോമിനേറ്റ് ചെയ്യേണ്ടത്. സാമൂഹ്യ പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം (പ്രിന്റ്, ദൃശ്യമാധ്യമം) കല, സാഹിത്യം, കായികം(വനിത, പുരുഷന്‍) സംരംഭകത്വം, കൃഷി, ഫോട്ടോഗ്രഫി എന്നീ മേഖലകളില്‍ നിന്നും മികച്ച ഓരോ വ്യക്തിക്ക് വീതം ആകെ 10 പേര്‍ക്കാണ് പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത്. പുരസ്‌ക്കാരത്തിന് അര്‍ഹരാകുന്നവര്‍ക്ക് 50,000 രൂപയും പ്രശസ്തിപത്രവും നല്‍കും. 

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്/യുവ/അവളിടം ക്ലബ്ബുകളില്‍ നിന്നും അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തില്‍ തിരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌ക്കാരമായി  നല്‍കും. ജില്ലാതലത്തില്‍ അവാര്‍ഡിന് അര്‍ഹത നേടീയ ക്ലബ്ബുകളെയാണ് സംസ്ഥാന തലത്തില്‍ അവാര്‍ഡിനായി പരിഗണിക്കുന്നത്. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും പ്രശസ്തി പത്രവും നല്‍കും.

ജൂലൈ 25 വരെ ksywb.kerala.gov.in വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. വിലാസം: ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജന കേന്ദ്രം, മിനി സിവില്‍ സ്റ്റേഷന്‍, തത്തംപളളി പി.ഒ, ആലപ്പുഴ-13. ഫോണ്‍: 0477 2239736, 9496260067

date