Skip to main content

കൂട്ടിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ കൂട്ടിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം രമേശ് ചെന്നിത്തല എം.എൽ.എ. നിർവഹിച്ചു. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വേണ്ടി എം.എൽ.എ ഫണ്ടിൽ നിന്നും 93 ലക്ഷം രൂപ മുടക്കി ആധുനിക രീതിയിലാണ് കേന്ദ്രം നിർമ്മിക്കുന്നത്‌.
ഇരുനിലകളിലായി ടോയ്ലറ്റ്, വായനശാല, ഡോർമെറ്ററി സംവിധാനങ്ങളോടെയാണ് കെട്ടിടം നിർമിക്കുക. ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല.

നിയോജക മണ്ഡലത്തിൽ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി രമേശ് ചെന്നിത്തല എം.എൽ.എ.യുടെ അധ്യക്ഷതയിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പങ്കെടുക്കുന്ന അവലോകനയോഗം ഓഗസ്റ്റ് അഞ്ചിന് രണ്ടുമണിക്ക് എൻ.ടി.പി.സി. ഗസ്റ്റ് ഹൗസിൽ വെച്ച് നടക്കുമെന്നു എം.എൽ.എ. അറിയിച്ചു.
ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ അനുവദിച്ച ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനവും ആറാട്ടുപുഴ ഫിഷറീസ് ആശുപത്രിക്ക് പുതിയതായി നിർമിക്കുന്ന കെട്ടിടത്തിന്റെയും
ഹരിപ്പാട് ഫാമിലി ഹെൽത്ത്‌ സെന്ററിന്റെയും
ഉദ്ഘാടനം ഓഗസ്റ്റ് അഞ്ചിന് ആരോഗ്യമന്ത്രി നിർവഹിക്കും.

ചടങ്ങിൽ നഗരസഭ ചെയർമാൻ കെ. എം. രാജു അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ശ്രീജകുമാരി, ആരോഗ്യസമിതി ചെയർമാൻ ശ്രീവിവേക്, വിദ്യാഭ്യാസ സമിതി ചെയർമാൻ കൃഷ്ണകുമാർ, ജില്ലാപഞ്ചായത്ത് അംഗം ജോൺ തോമസ്, കെ.കെ. സുരേന്ദ്രനാഥ് ആശുപത്രി സൂപ്രണ്ട് സുനിൽ ശിവൻ, കൗൺസിലർമാരായ ഉമാറാണി, മഞ്ജുഷംജി, എം.കെ. വിജയൻ, നിർമിതി കേന്ദ്രം എ.ഇ. തീർത്ഥ തുടങ്ങിയവർ പങ്കെടുത്തു.

date