Skip to main content

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് സർക്കാർ നൽകുന്നത് വലിയ ഊന്നലാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു

 

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വലിയ ഊന്നലാണ് സർക്കാർ നൽകുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജിൽ നിർമ്മിക്കുന്ന സെൻട്രൽ കമ്പ്യൂട്ടിങ് ഫെസിലിറ്റിയുടെയും ലൈബ്രറി ബ്ലോക്കിന്റെയും കെട്ടിട ശിലാസ്ഥാപന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

ദേശീയ ഉന്നത വിദ്യാഭ്യാസ സർവ്വേയിൽ കേരളത്തിന്റെ പ്രകടനം മികച്ചതായിട്ടാണ് ചൂണ്ടിക്കാണിക്കുന്നത്. ഗ്രോസ് എന്റോൾമെന്റ് അനുപാതം, അധ്യാപക വിദ്യാർത്ഥി അനുപാതം, വിദ്യാർത്ഥി കലാലയ അനുപാതം തുടങ്ങിയവ പരിശോധിക്കുമ്പോൾ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിൽ മൂന്നാം സ്ഥാനത്താണ് കേരളം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും മികച്ച തൊഴിൽ സാഹചര്യങ്ങൾ തൊഴിൽ അന്വേഷകർക്ക് നൽകണമെന്ന കാഴ്ച്ചപ്പാടും ഗവേഷക ആഭിമുഖ്യമുള്ള കുട്ടികൾക്ക് അതിനു വേണ്ട എല്ലാ ഭൗതിക പശ്ചാത്തലങ്ങളും സാമൂഹിക സാമ്പത്തിക പിന്തുണയും നൽകുന്ന ഇടപെടലുകളുമാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. 

കഴിഞ്ഞ രണ്ട് ബജറ്റുകളിലായി ഉന്നത വിദ്യാഭ്യാസ മേഖലക്കായി സർക്കാർ ഏകദേശം ആയിരം കോടി രൂപയാണ് നീക്കിവെച്ചത്. കിഫ്ബി പദ്ധതിയിലൂടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ആയിരം കോടി രൂപയും, റൂസ പദ്ധതി ഉപയോഗിച്ച് കൊണ്ട് 568 കോടിയോളം രൂപയുടെ പദ്ധതികളും, സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച്  കോടി കണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന അറിവുകൾ സമൂഹത്തിന്റെ ഗുണകരമായ മുന്നേറ്റത്തിന് ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്ന കാഴ്ച്ചപ്പാടാണ് സർക്കാരിനുള്ളതെന്നും കോഴിക്കോട് എഞ്ചിനീയറിങ് കോളേജിനെ സാങ്കേതിക വിദ്യാഭ്യാസ സമുച്ചയമായി മാറ്റണമെന്ന നിർദ്ദേശങ്ങളെ സ്വീകരിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. 

ഗവ.എഞ്ചിനീയറിങ് കോളേജിലെ സെൻട്രൽ കമ്പ്യൂട്ടിങ് ഫെസിലിറ്റിയുടെയും ലൈബ്രററി ബ്ലോക്കിന്റെയും നിർമ്മാണത്തിന് പത്ത് കോടി രൂപയുടെ പ്രവൃത്തിക്കായി 2020 ഡിസംബറിലായിരുന്നു ഭരണാനുമതി ലഭ്യമായത്. 2023 മെയ് നാലിന് പദ്ധതിക്ക് ചിഫ് എഞ്ചിനീയറുടെ സാങ്കേതിക അനുമതി ലഭ്യമായി. തുടർന്ന് ടെണ്ടർ ചെയ്ത പ്രവൃത്തിയുടെ നിർമ്മാണ കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് ഏറ്റെടുത്തിരിക്കുന്നത്. ഒന്നര വർഷമാണ് നിർമ്മാണ പ്രവൃത്തിയുടെ കാലാവധി. നാലു നിലകളിലായി രൂപകൽപ്പന ചെയ്ത കെട്ടിടത്തിന്റെ മൂന്ന് നിലകളിലായി 2053 ചതുരശ്ര വിസ്തീർണ്ണത്തിലാണ് കെട്ടിടം നിർമ്മിക്കുന്നത്. പി ഡബ്ല്യൂ ഡി ആർകിടെക്ച്ചർ വിഭാഗമാണ് കെട്ടിടത്തിന്റെ രൂപ കൽപ്പന നിർവഹിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ലൈബ്രറി, ഓഫീസ്, പ്രോജക്ട് ഫെസിലിറ്റീസ്, പ്രവേശന കവാടം, ലിഫ്റ്റ് എന്നിവയും രണ്ടും മൂന്നും നിലകളിൽ ക്ലാസ് റൂം, സെമിനാർ ഹാൾ, പ്രവേശന കവാടം എന്നിവയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്

ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു.  പി ഡബ്ല്യൂ ഡി കെട്ടിട വിഭാഗം സുപ്രണ്ടിംഗ് എഞ്ചിനീയർ ഇ.ജി വിശ്വപ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. കോർപ്പറേഷൻ കൗൺസിലർ സി.എസ് സത്യഭാമ, പിടിഎ വൈസ് പ്രസിഡന്റ് കെ.ടി ബഷീർ, കോളേജ് യൂണിയൻ പ്രതിനിധി പി യദുകൃഷ്ണൻ എന്നിവർ സംസാരിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എം.എസ് രാജശ്രീ സ്വാഗതവും എഞ്ചിനീയറിങ്  കോളേജ് പ്രിൻസിപ്പൽ ഡോ. പി.സി രഘുരാജ് നന്ദിയും പറഞ്ഞു.

date