Skip to main content

കേരളത്തെ നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക സർക്കാർ ലക്ഷ്യം- മന്ത്രി ഡോ.ആർ ബിന്ദു  

 

കേരളത്തെ നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റുകയാണ് സർക്കാരിന്റെ  ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ദേവഗിരി സെന്റ് ജോസഫ്സ് (ഓട്ടോണമസ്) കോളേജിൽ റൂസ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച സ്റ്റുഡന്റ് യൂട്ടിലിറ്റി സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അടിസ്ഥാന സൗകര്യവികസനവും അക്കാദമിക മേഖലയുടെ വിപുലീകരണവും ഉന്നത വിദ്യാഭ്യാസ രംഗത്ത് വേഗത്തിൽ നടക്കുകയാണ്. അടുത്തവർഷം നാലു വർഷ ബിരുദം ആരംഭിക്കുന്നതോടെ സമഗ്രവും സമൂലവുമായിട്ടുള്ള പരിവർത്തനം കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാവുമെന്ന് മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്കായി കഴിഞ്ഞ ബഡ്‌ജറ്റിൽ ആയിരം കോടി രൂപയിലധികം നീക്കിവെച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥി കേന്ദ്രീകൃത കാഴ്ചപ്പാടോടെ സമഗ്ര പരിഷ്കരണമാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റമാണ് യാഥാർത്ഥ്യമായി കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയുടെയും വിദ്യാർത്ഥികളുടെയും പുരോഗതി ഉറപ്പുവരുത്തുക എന്നത് സംസ്ഥാന സർക്കാരിന്റെ പ്രതിജ്ഞാബദ്ധമായ നയമാണ്. വിദ്യാർത്ഥികളുടെ സമഗ്രമായ പുരോഗതിക്ക് ധാരാളം പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി പറഞ്ഞു. 

ഒരു കോടി രൂപ ചെലവിലാണ് റൂസ പദ്ധതിയുടെ ഭാഗമായുള്ള സ്റ്റുഡന്റ് യൂട്ടിലിറ്റി സെന്ററിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിന് സമഗ്ര മാറ്റങ്ങൾ വരുത്തുന്നതിന് രൂപീകരിച്ച കേന്ദ്രാവിഷ്കൃത പദ്ധതിയാണ് റൂസ (രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ).

ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ബോബി ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ സുരേഷ് കുമാർ, സെന്റ് ജോസഫ്സ് കോളേജ് മാനേജർ ഫാ. ബിജു കെ ഐസക്ക്, സൂപ്രണ്ട് എ.സി ഷാജി, സ്റ്റാഫ് സെക്രട്ടറി ഷൈനി കെ മാത്യു, റൂസ കോർഡിനേറ്റർ ഫാ.ബോണി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.

date