Skip to main content

മാലിന്യ മുക്തം നവകേരളം : ജനകീയ ഹരിത ഓഡിറ്റിംഗിനായുള്ള ഗ്രാമസഭകൾ ജൂലൈ 31നകം ചേരണം        

 

നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച നടപടികൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ മാലിന്യ സംസ്കരണ രംഗത്തും ശുചിത്വ രംഗത്തും നടപ്പിലാക്കിയിട്ടുണ്ടോ എന്ന ജനകീയ പരിശോധനക്കായുള്ള ഗ്രാമസഭകൾ ജൂലൈ 31നകം ചേരണമെന്ന് ജില്ലാ കലക്ടർ എ.ഗീത അറിയിച്ചു.

ഓരോ പഞ്ചായത്തിലും നടത്തുന്ന പ്രവർത്തനങ്ങൾ കുടുംബശ്രീ, റസിഡൻസ് അസോസിയേഷൻ, വ്യാപാരി വ്യവസായി സംഘടനകൾ, ലൈബ്രറി പ്രവർത്തകർ തുടങ്ങിയവരുടെ യോഗം ചേർന്ന് ഫോക്കസ് ഗ്രൂപ്പ് ചർച്ച നടത്തുകയും വാർഡുകളിൽ സാമ്പിൾ സർവ്വേയും ചെയ്ത ശേഷമുള്ള റിപ്പോർട്ടാണ് ഗ്രാമസഭയിൽ വെക്കേണ്ടത്.

ആറുമാസത്തിനകം സമ്പൂർണ്ണ വലിച്ചെറിയൽ മുക്ത പഞ്ചായത്ത് ആക്കുന്നതിന്റെ ഭാഗമായി അജൈവ മാലിന്യങ്ങൾ യൂസർ ഫീ നൽകി ഹരിതകർമ്മസേനക്ക് കൈമാറാത്ത കച്ചവടക്കാരുടെയും വീട്ടുകാരുടെയും ലിസ്റ്റ് ഗ്രാമസഭയിൽ അവതരിപ്പിക്കും. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും മാലിന്യങ്ങൾ വലിച്ചെറിയുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനുള്ള  ജനകീയ ചർച്ചയാണ് ഗ്രാമസഭയിൽ നടക്കുക. ഇതിന്റെ മുന്നോടിയായി ബ്ലോക്ക് തലത്തിലും നഗരസഭാ തലത്തിലും കർമ്മ പദ്ധതികൾ തയ്യാറാക്കുന്ന ശില്പശാലകൾ പുരോഗമിക്കുകയാണ്.

വടകര, കൊയിലാണ്ടി, പയ്യോളി നഗരസഭാ ശില്പശാല കൊയിലാണ്ടി കമ്മ്യൂണിറ്റി ഹാളിൽ കൊയിലാണ്ടി ചെയർമാൻ സുധ കിഴക്കെപ്പാട്ടിന്റെ  അധ്യക്ഷതയിൽ ചേർന്നു. പയ്യോളി മുനിസിപ്പാലിറ്റി ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു.

മുക്കം, കൊടുവള്ളി നഗരസഭകളുടെ ശിൽപ്പശാല ജുലൈ 15 ന് രാവിലെ ഇ എം എസ് ഹാളിലും രാമനാട്ടുകര, ഫറോക്ക്, കോഴിക്കോട് കോർപ്പറേഷൻ എന്നിവിടങ്ങളിലെ ശിൽപ്പശാല എസ്. കെ.പൊറ്റക്കാട് സാംസ്കാരിക നിലയത്തിലും ചേരും. മൊബൈൽ ഫെസിലിറ്റേഷൻ ടീമംഗങ്ങൾക്കൊപ്പം സോഷ്യൽ ഓഡിറ്റ് ചുമതലക്കാരും ശിൽപ്പശാലയിൽ പങ്കെടുക്കണമെന്ന് മാലിന്യ മുക്തം നവകേരളം ജില്ലാ കോർഡിനേറ്റർ മണലിൽ മോഹനൻ അറിയിച്ചു.

date