Skip to main content

വൈബിന്റെ നേതൃത്വത്തിൽ വടകര മണ്ഡലത്തിൽ കാർഷിക സൗഹൃദ പദ്ധതികൾക്ക് രൂപം നൽകി 

 

കെ.കെ രമ എം.എൽ.എ യുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബിന്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച്  കാർഷിക സൗഹൃദ പദ്ധതിക്ക് രൂപം നൽകി. 

കുട്ടികളിൽ കാർഷിക മേഖലയെ കുറിച്ചുള്ള അവബോധം വർധിപ്പിക്കാനും കൃഷിയിലേക്ക് കുട്ടികളുടെ ശ്രദ്ധയാകർഷിക്കാനും കഴിയും വിധം പഠനത്തോടൊപ്പം സ്വന്തം വിദ്യാലയത്തിൽ വ്യത്യസ്ത കാർഷികോത്പന്നങ്ങൾ ഉത്പാദിപ്പിക്കാൻ കുട്ടികൾക്ക് പ്രേരകമാകും വിധമുള്ള പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി ആലോചിച്ചിട്ടുള്ളതെന്ന് കെ.കെ.രമ എം.എൽ.എ പറഞ്ഞു. 

പദ്ധതിയുടെ തുടക്കം എന്ന നിലയിൽ വടകര ജെ.ടി.എസ് ഹൈസ്‌കൂൾ കാർഷിക ക്ലബുമായി ചേർന്ന് "ഓണത്തിന് ഒരുമുറം പച്ചക്കറി" എന്ന ലക്ഷ്യം മുൻനിർത്തി ഉഴുതുമറിച്ച കൃഷിസ്ഥലത്തു വിത്തിടൽ കർമവും പദ്ധതിയുടെ ഉദ്ഘാടനവും കെ.കെ രമ എം.എൽ.എ നിർവഹിച്ചു. പൂർണമായും ജൈവ വളങ്ങൾ ഉപയോഗിച്ച് മാത്രമായിരിക്കും അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ കൃഷിയിറക്കുക. അതാതു പ്രദേശങ്ങളിലെ കൃഷി ഓഫിസർമാരെയും കൃഷിയോട് താല്പര്യമുള്ളവരുമായ പ്രാദേശിക കർഷകരെയും പദ്ധതിയുടെ നടത്തിപ്പിനായി സഹകരിപ്പിക്കും.

സാധ്യതയുള്ള വിദ്യാലയങ്ങളിൽ ആദ്യഘട്ടങ്ങളിൽ കൃഷി ഇറക്കുകയും, തുടർന്ന് മണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങളും കാർഷിക സൗഹൃദ സ്കൂളുകളാക്കി മാറ്റുകയും ചെയ്യുകയാണ് പദ്ധതിയുടെ  ലക്ഷ്യമെന്നും എം.എൽ.എ പറഞ്ഞു. പദ്ധതിയിലേക്ക് കുട്ടികളെ ആകർഷിക്കാൻ കഴിയും വിധമുള്ള ആരോഗ്യകരമായ മത്സരങ്ങളുൾപ്പെടെ ഭാവിയിൽ സംഘടിപ്പിക്കുന്നത് ആലോചനയിലുണ്ടെന്നും അവർ കൂട്ടിചേർത്തു. 

വാർഡ് കൗൺസിലർ പി.കെ.സി അഫ്സൽ അധ്യക്ഷത വഹിച്ചു. കൃഷിയൊരുക്കാനുള്ള മാർഗനിർദേശങ്ങൾ നൽകിയ കർഷകൻ മറുവയിൽ സൂപ്പി, സ്കൂൾ സൂപ്രണ്ട് വി.ശശികുമാർ, ജി.വേണുഗോപാൽ, സുജബായ്, ഷീബ, സിജീഷ് എന്നിവർ സംസാരിച്ചു.

date