Skip to main content

ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുകയാണ് സർക്കാരിന്റെ പ്രഖ്യാപിത നയം - മന്ത്രി അഹമ്മദ് ദേവർ കോവിൽ

 

ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുകയാണ് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയമെന്ന് തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പന്നൂർ ഗവ: എച്ച്.എസ്.എസ് സ്കൂളിൽ സജ്ജീകരിച്ച തനതിടത്തിന്റെ (സ്പേസ്) ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കും സാമൂഹ്യ ഉൾച്ചേർക്കലിനും പുനരധിവാസത്തിനും മാതൃകാപരമായ പ്രവർത്തനങ്ങളാണ് സംസ്ഥാനം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകൾ, ശേഷികൾ, സംസ്‌കാരം, സാമൂഹ്യപശ്ചാത്തലം, ബുദ്ധിസാമർഥ്യം, ലിംഗാവസ്ഥ തുടങ്ങിയ ഘടകങ്ങൾ വ്യത്യസ്തത പുലർത്തുന്നുണ്ടെങ്കിലും അവ പൊതുവിദ്യാഭ്യാസത്തിന്റെ സാധ്യതകളും ഗുണഫലങ്ങളും അനുഭവിക്കുന്നതിനുള്ള കുട്ടിയുടെ അവസരങ്ങൾക്ക് തടസ്സമാകരുതെന്നാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ വിനോദ് അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ കോഴിക്കോട് ഡി.പി.സി ഡോ: എ.കെ അബ്ദുൽ ഹക്കീം പദ്ധതി വിശദീകരണം നടത്തി.

കിടപ്പുരോഗികളായ കുട്ടികൾക്ക് ക്ലാസ് മുറികളിലെ പഠനാനുഭവങ്ങളും സൗഹൃദത്തിന്റെ ഊഷ്മളതയും അനുഭവവേദ്യമാക്കാൻ സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പ്രത്യേക പദ്ധതിയാണ് സ്പെഷൽ പ്ലാറ്റ്ഫോം ടു അച്ചീവ് ക്ലാസ് റൂം എക്സ്പീരിയൻസ് ഫോർ ബെഡ്റിഡൺ ചിൽഡ്രൻ (സ്പെയ്സ്). ശാരീരിക പരിമിതികൾ കാരണം സ്കൂളുകളിൽ എത്താൻ കഴിയാത്ത കുട്ടികൾക്ക് ക്ലാസ് മുറിയുടെ അനുഭവം സമ്മാനിക്കുന്ന പദ്ധതിയിൽ പ്രത്യേക പരിശീലനം നേടിയ അധ്യാപകരുടെയും തെറാപ്പിസ്റ്റുകളുടെയും  സേവനം ലഭ്യമാക്കും.

ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി എം രാധാകൃഷ്ണൻ, വാർഡ് മെമ്പർ ഇന്ദു സനിത്ത്, കോഴിക്കോട് ആർ.ഡി.ഡി സന്തോഷ് കുമാർ എം, എസ്.എസ്.കെ കോഴിക്കോട് ഡി.പി.ഒ. ഷീബ വി ടി, എ.ഇ.ഒ അബ്ദുൽ ഖാദർ സി പി, ബി.പി.സി മെഹറലി വി എം, ഹെഡ്മിസ്ട്രസ് സ്മിത പി, ബി ആർ സി ട്രെയിനർ മുഹമ്മദ് റാഫി പി വി, രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് സനിത്ത് എ.പി സ്വാഗതവും പ്രിൻസിപ്പൽ സരിത എം.ബി നന്ദിയും പറഞ്ഞു.

date