Skip to main content

പകര്‍ച്ച വ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം

ആലപ്പുഴ: ജില്ലയിലെ പല സ്ഥലങ്ങളിലും വെള്ളം കയറിയിറങ്ങിയ സാഹചര്യത്തില്‍ വീടുകളിലേക്ക് മടങ്ങിയെത്തുന്നവര്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. 
 
കക്കൂസുകളില്‍ നിന്നുള്ള മാലിന്യങ്ങളുള്‍പ്പെടെ കാനകളും, തോടുകളും കവിഞ്ഞൊഴുകിയിരിക്കുന്നതിനാല്‍ കുടിവെള്ള സ്രോതസ്സുകളും വീടും പരിസരവും മലിനമായിരിക്കും. ഇത് എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങള്‍, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതിന് ഇടയാക്കും. ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്നും മറ്റും അടഞ്ഞുകിടന്ന വീടുകളിലേക്ക് എത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണം. 

മലിന ജലവുമായും കെട്ടിക്കിടക്കുന്ന മഴവെള്ളവുമായും സമ്പര്‍ക്കത്തിലായവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിന്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം കഴിക്കണം. വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതിനാല്‍ വീട്ടു പരിസരങ്ങളിലും വഴികളിലും ജലത്തില്‍ ചവിട്ടി സഞ്ചരിക്കേണ്ടി വരുന്നവരും തൊഴില്‍ സാഹചര്യവുമായി ബന്ധപ്പെട്ട് മലിന ജലസമ്പര്‍ക്കം ഉണ്ടാവുന്നവരും എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം. എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും പ്രതിരോധ ഗുളിക സൗജന്യമായി ലഭ്യമാണ്.

വെള്ളം കയറിയ പ്രദേശങ്ങളിലെ വീടുകള്‍ അണുനശീകരണി ഉപയോഗിച്ച് കഴുകി  വൃത്തിയാക്കണം. അടഞ്ഞു കിടന്ന വീടുകളിലും മറ്റും ഇഴജന്തുക്കള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശുചീകരണവേളയില്‍ പ്രത്യേകം ശ്രദ്ധിക്കണം. ശുചിമുറിയും പരിസരവും വൃത്തിയാക്കണം.

മലിനജലത്തില്‍ ജോലി ചെയ്യേണ്ട സാഹചര്യത്തില്‍ വ്യക്തിഗത സുരക്ഷാ ഉപാധികള്‍ (ഗംബൂട്ട്, കയ്യുറ, തുടങ്ങിയവ) നിര്‍ബന്ധമായും ഉപയോഗിക്കണം. കുടിവെള്ള സ്രോതസ്സുകള്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ശുദ്ധീകരിച്ചതിന് ശേഷം മാത്രം ഉപയോഗിക്കുക. കിണര്‍, പൈപ്പ്, ആര്‍.ഒ  പ്ലാന്റ് തുടങ്ങി ഏതു സ്രോതസ്സില്‍ നിന്നാണെങ്കിലും തിളപ്പിച്ചാറിയ ശേഷം മാത്രമേ കുടിവെള്ളം ഉപയോഗിക്കാവൂ.

വീടുകളില്‍ തുറന്ന നിലയില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളും മറ്റും ഉപയോഗിക്കരുത്. വെള്ളം ശേഖരിച്ച് വെക്കുന്ന ബക്കറ്റുകളും മറ്റ് പാത്രങ്ങളും കഴുകി വൃത്തിയാക്കിയതിനു ശേഷം മാത്രം ഉപയോഗിക്കുക. വീട് വൃത്തിയാക്കുമ്പോള്‍ പാഴ്വസ്തുക്കള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം.

ഈച്ച ശല്യം ഒഴിവാക്കുന്നതിനായി ഭക്ഷണാവശിഷ്ടങ്ങള്‍ പുറത്തേക്ക് വലിച്ചെറിയാതിരിക്കാന്‍ ശ്രദ്ധിക്കുക. ഭക്ഷ്യ സാധനങ്ങള്‍ അടച്ചു സൂക്ഷിക്കണം. വീടിനു പുറത്ത് ഇറങ്ങുമ്പോഴെല്ലാം  നിര്‍ബന്ധമായും ചെരുപ്പ് ഉപയോഗിക്കുക. ആഹാരം കഴിക്കുന്നതിനു മുന്‍പും ഭക്ഷണ സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മുന്‍പും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകണം.

വൈറല്‍ പനി, എച്ച് 1 എന്‍ 1, കോവിഡ് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ തടയുവാന്‍ മാസ്‌ക് ധരിക്കുക. തുറസ്സായ സ്ഥലങ്ങളില്‍ തുപ്പുകയോ മലമൂത്ര വിസര്‍ജ്ജനം നടത്തുകയോ ചെയ്യരുത്. പനിയോ, മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടായാല്‍ സ്വയം ചികിത്സിക്കാതെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ടതാണെന്നും ഡി.എം.ഒ. അറിയിച്ചു.

date