Skip to main content

നെഹ്‌റു ട്രോഫി വള്ളംകളി: 2.13 കോടിയുടെ ബജറ്റിന് അംഗീകാരം -ബോണസും മെയിന്റനൻസ് ഗ്രാന്റും 10 ശതമാനം വർധിപ്പിച്ചു

ആലപ്പുഴ: ഓഗസ്റ്റ് 12ന് പുന്നമട കായലിൽ നടക്കുന്ന 69-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന് 2,13,80,000 രൂപയുടെ ബജറ്റ്. ബോട്ട് റേസ് കമ്മറ്റിയുടെ ചെയർമാൻ കൂടിയായ ജില്ലകളക്ടർ  ഹരിത വി.കുമാറിന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ  കൂടിയ നെഹ്‌റുട്രോഫി ബോട്ട് റേസ് കമ്മറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മററിയുടെയും തുടർന്ന് നടന്ന ജനറൽ ബോഡിയുടെയും യോഗമാണ് ബജറ്റ് അംഗീകരിച്ചത്. എ.എം. ആരിഫ് എംപി, എം.എൽ.എ.മാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, തോമസ് കെ തോമസ്, എൻ.ടി.ബി.ആർ.സെക്രട്ടറി സബ്കളക്ടർ സൂരജ് ഷാജി  എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗങ്ങൾ.

ഈ വർഷത്തെ പ്രതീക്ഷിത വരവും ചെലവുകളും യോഗത്തിൽ ചർച്ച ചെയ്തു. 2.13 കോടി രൂപയുടെ പ്രതീക്ഷിത വരവും ചെലവുമുള്ള കണക്കാണ് യോഗത്തിൽ അവതരിപ്പിച്ചത്. സംസ്ഥാന സർക്കാരിൽ നിന്നുള്ള ഗ്രാൻറായ ഒരു കോടി രൂപ ഉൾപ്പടെയാണ് വരുമാനത്തിന്റെ കണക്ക് അവതരിപ്പിച്ചത്. വിവിധ സബ് കമ്മിറ്റികളുടെ ബജറ്റും യോഗത്തിൽ അവതരിപ്പിച്ചു. ബോട്ടുക്ലബ്ബുകൾക്കുള്ള ബോണസും ഉടമകൾക്കുള്ള മെയിന്റനൻസ് ഗ്രാന്റും 10 ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചതായി പി.പി.ചിത്തരഞ്ജൻ എം.എൽ.എ യോഗത്തിൽ പറഞ്ഞു.  ബോണസായി 80 ലക്ഷം രൂപ, മെയിന്റനൻ്‌സ് ഗ്രാന്റായി 15 ലക്ഷം രൂപ,  ഇൻഫ്രാസ്ട്രക്ച്ചർ  കമ്മിറ്റിക്ക് 50ലക്ഷം രൂപ, കൾച്ചറൽ കമ്മറ്റിക്ക് 7 ലക്ഷം രൂപ, പബ്ലിസിറ്റി കമ്മറ്റിക്ക് 5 ലക്ഷം  എന്നിങ്ങനെയാണ് ബജറ്റ് കണക്കാക്കിയിട്ടുള്ളത്. ജലോത്സവത്തിൻറെ ചെലവ് കുറയ്ക്കാൻ സാധ്യമായ ഇടങ്ങളിലൊക്കെ ചെലവ് ചുരുക്കി വേണം വള്ളംകളി നടത്താനെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു. പരമാവധി ജനപങ്കാളിത്തവും കക്ഷി രാഷ്ട്രീയത്തിന് അതീതമായ പിന്തുണയും ജലോത്സവത്തിൽ ഉറപ്പാക്കണമെന്ന് എച്ച്. സലാം എം.എൽ.എ. പറഞ്ഞു. നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം.ഹൂസൈൻ, മുൻ എം.എൽ.എ കെ.കെ.ഷാജു എന്നിവർ സംസാരിച്ചു.  സുവനീർ കമ്മറ്റി കൺവീനർ എ.ഡി.എം. എസ്. സന്തോഷ് കുമാർ, ഇൻഫ്രാസ്ട്രക്ചർ കമ്മറ്റി കൺവീനർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ   എം.സി.സജീവ് കുമാർ, പബ്ലിസിറ്റി കമ്മറ്റി കൺവീനർ കെ.എസ്.സുമേഷ്   തുടങ്ങിയവർ വിവിധ സബ് കമ്മറ്റികളുടെ പ്രതീക്ഷിത ചെലവ് യോഗത്തിൽ അവതരിപ്പിച്ചു.

date