Skip to main content

എല്ലാ വാർഡുകളിലും ഗ്രാമഭവൻ, സദ്ഭരണത്തിന് വിവിധ സേവനങ്ങളുമായി ആര്യനാട് ഗ്രാമപഞ്ചായത്ത്

ജനസേവനം മുൻനിർത്തി ആര്യനാട് ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന വിവിധ സദ്ഭരണപദ്ധതികളുടെ ഉദ്ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമഭവനുകൾ, ഗ്രാമപഞ്ചായത്തിലെ വിവിധ സേവനങ്ങൾ ഗുണഭോക്താക്കളുടെ വിരൽത്തുമ്പിലെത്തുന്ന പദ്ധതി, എച്ച്ആർഡിസിക്കായി നിർമിച്ച ഹാൾ, വനിതാ ഫിറ്റ്‌നെസ് സെന്റർ എന്നിവയാണ് എം.എൽ.എ ഉദ്ഘാടനം ചെയ്തത്. സർക്കാർ പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്നതിൽ ആര്യനാട് ഗ്രാമപഞ്ചായത്ത് മികച്ച മാതൃകയാണെന്ന് എം.എൽ.എ പറഞ്ഞു.

ഇരിഞ്ചൽ വാർഡിൽ ഗ്രാമഭവന്റെ ഉദ്ഘാടനത്തോടെ പഞ്ചായത്തിലെ 18 വാർഡുകളിലും ഗ്രാമഭവനുകൾ പ്രവർത്തനം തുടങ്ങി. ജനങ്ങൾക്ക് സേവനം വേഗത്തിൽ ലഭ്യമാക്കുന്നതിനായി ഗ്രാമസഹായികളുടെ സഹായത്തോടെ മിനിപഞ്ചായത്ത് ഓഫീസായി ഗ്രാമഭവനുകൾ പ്രവർത്തിക്കും. പന്ത്രണ്ടിലധികം ബാങ്കിംഗ് സേവനങ്ങൾ ഉൾപ്പെടെ പഞ്ചായത്തുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഗ്രാമഭവനുകളിലൂടെ ലഭിക്കും. ഗ്രാമഭവനോട് ചേർന്ന് നിർമാണം പൂർത്തിയാക്കിയ ഗ്രന്ഥശാലയും എം. എൽ. എ ഉദ്ഘാടനം ചെയ്തു. അംഗീകൃത ഗ്രന്ഥശാലകൾക്കുള്ള പുസ്തകങ്ങളും എം.എൽ.എ വിതരണം ചെയ്തു. ഓൺലൈൻ സേവനങ്ങളിൽ സ്വയം പര്യാപ്തത നേടുന്നതിനായി പൊതുജനങ്ങൾക്കായി വിവിധ പരിശീലന പരിപാടികളും ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്നുണ്ട്.

പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഹ്യൂമൻ റിസോഴ്‌സ് ഡെലവപ്‌മെന്റ് സെന്ററിന്റെ പതിനാലാം വാർഷികവും ചടങ്ങിനോടനുബന്ധിച്ച് ആഘോഷിച്ചു. എച്ച്.ആർ.ഡി.സിയിൽ പരിശീലിച്ച് സർക്കാർ സർവീസിൽ പ്രവേശിച്ച ഉദ്യോഗാർത്ഥികളെ ജി.സ്റ്റീഫൻ എം.എൽ.എ ചടങ്ങിൽ ആദരിച്ചു. എച്ച്.ആർ.ഡി.സിയുടെ പുതിയ ഹാളിന്റെ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. സ്ത്രീകളുടെ ആരോഗ്യ -സൗന്ദര്യ പരിപാലനത്തിനായി ആര്യനാട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വനിതാ ഫിറ്റ്‌നസ് സെന്ററും തുറന്നു.

പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ-ഗ്രാമപഞ്ചായത്തംഗങ്ങൾ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ മധു എന്നിവരും പങ്കെടുത്തു.

date