Skip to main content

മുക്കം നഗരസഭയിൽ ജി ഐ എസ് മാപ്പിങ് പദ്ധതിക്ക് തുടക്കം

 

മുക്കം നഗരസഭയിൽ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ  വിവര ശേഖരണത്തിന് കൂടുതൽ കൃത്യതയും വേഗതയും ശാസ്ത്രീയതയും നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന "ദൃഷ്ടി "സമ്പൂർണ ഡിജിറ്റലൈസേഷൻ പദ്ധതിയുടെ ഭാഗമായ ജി ഐ എസ് മാപ്പിങ് പദ്ധതിക്ക് തുടക്കമായി. ജി ഐ എസ് മാപ്പിംഗ് പദ്ധതിയുടെ ഡ്രോൺ സർവേയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി ടി ബാബു നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ എം.വി രജനി അധ്യക്ഷത വഹിച്ചു. 

ജി ഐ എസ് എനേബിൾഡ് ഡോർ ടു ഡോർ സർവേയാണ് പദ്ധതിയുടെ പ്രധാന സവിശേഷത. മുൻസിപ്പാലിറ്റിയുടെ മുഴുവൻ കെട്ടിടങ്ങളിൽ നിന്നും  മുനിസിപ്പാലിറ്റി നടപ്പിലാക്കിവരുന്ന വിവിധ ക്ഷേമ, വികസന പദ്ധതികൾക്ക് ആവശ്യമായ സമഗ്ര വിവര ശേഖരണമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

വിവിധ ക്ഷേമ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുവാനും, ജില്ലാ, സംസ്ഥാന, കേന്ദ്ര പദ്ധതികൾക്ക് ആവശ്യമായ പദ്ധതി രേഖകൾ സമർപ്പിക്കുന്നതിനും മുനിസിപ്പാലിറ്റി പരിധിയിലെ മുഴുവൻ വിഭാഗം ജനങ്ങളുടെയും സമഗ്ര വിവരങ്ങൾ അത്യാവശ്യമാണെന്ന് നഗരസഭ ചെയർമാൻ പി.ടി. ബാബു പറഞ്ഞു. സമഗ്രവും സത്യസന്ധവും സമ്പൂർണ്ണവുമായ വിവരങ്ങൾ നൽകിക്കൊണ്ട് മുഴുവൻ ആളുകളും പദ്ധതിയുടെ ഭാഗമായി എന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. 

പദ്ധതിയുടെ ഭാഗമായുള്ള ഡ്രോൺ സർവേ, ഡി ജി പി എസ് സർവേ, പൊതു ആസ്തി സർവേ എന്നിവയാണ് നടന്ന് വരുന്നത്. പദ്ധതി നടപ്പിലാക്കുന്നത് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ്.
 
ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ സത്യനാരായണൻ, കൗൺസിലർമാരായ വസന്തകുമാരി കെ.എം, വസന്തകുമാരി സി, പ്രിൻസ് എന്നിവർ സംസാരിച്ചു.

date