Skip to main content

രാമൻപുഴ സംരക്ഷണത്തിനായി കർമ്മപദ്ധതി തയ്യാറാക്കുന്നു 

 

നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ബാലുശ്ശേരി മണ്ഡലത്തിലെ മഞ്ഞപ്പുഴ -രാമൻപുഴ സംരക്ഷിക്കാൻ കർമ്മപദ്ധതി ഒരുങ്ങുന്നു. പുഴയെ  വിനോദത്തിനും, ഉപജീവനത്തിനും ഉപകരിക്കേണ്ട വിധത്തിലാണ് പദ്ധതി തയ്യാറാവുന്നത്. ഇതിൻ്റെ ഭാഗമായി നവകേരള മിഷൻ സംസ്ഥാന തല വിദഗ്ധ സമിതി മഞ്ഞപ്പുഴ ഒഴുകുന്ന കോട്ടൂർ, നടുവണ്ണൂർ, ഉള്ള്യേരി, പനങ്ങാട്, ബാലുശ്ശേരി  ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ പുഴ സന്ദർശിച്ച് പഠനം നടത്തിയിരുന്നു.

മണ്ഡലത്തിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളുടെ ജീവനാഡിയായി ഒഴുകുന്ന മഞ്ഞപ്പുഴ-രാമൻപുഴയുടെ വിനോദ സഞ്ചാര സാധ്യതകൾക്ക്‌ പദ്ധതി വഴിയൊരുക്കും. മത്സ്യബന്ധനത്തിന്റെ വിപുലീകരണം, ഉൾനാടൻ മത്സ്യബന്ധനം, പുഴ സംരക്ഷണത്തിന് ജനകീയ ക്യാമ്പയിനുകൾ നടത്തുക, ഫണ്ടുകൾ ഏകോപിപ്പിച്ച് വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക തുടങ്ങി മഞ്ഞപ്പുഴയുടെ സമഗ്രവും മാതൃകാപരവുമായ പ്രവൃത്തി  നടപ്പിലാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

നവകേരള മിഷൻ തയ്യാറാക്കിയ റിപ്പോർട്ട്‌ ചർച്ചകൾക്ക് ശേഷം സമഗ്ര മാസ്റ്റർപ്ലാൻ തയ്യാറാക്കി വിവിധ മേഖലകളിൽ നിന്നുള്ള ഫണ്ട്‌ ലഭ്യമാക്കും. തദ്ദേശ സ്വയംഭരണം, ജലസേചനം, ജല-മണ്ണ് സംരക്ഷണം, ടൂറിസം, ഫിഷറീസ്, കൃഷി, ക്ഷീര-മൃഗസംരക്ഷണ വകുപ്പുകളെ കൂട്ടിയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക.

date