Skip to main content

ചാത്തൻകാവ് തോടിന് പുതുജീവൻ

 

 ചാത്തൻകാവ് തോടിന് പുതുജീവൻ നൽകി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പാക്കുന്ന 'നീരുറവ്' പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചാണ് ചാത്തൻകാവ് തോട് വീണ്ടെടുത്തത്.

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ജല ബജറ്റിന്റെയും ഗ്രാമപഞ്ചായത്ത് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടത്തിയ ജല സാങ്കേതിക സമിതി യോഗത്തിന്റെയും തുടർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ചാത്തൻകാവ് തോട് വീണ്ടെടുക്കൽ നടപ്പാക്കുന്നത്.

2023 മെയ്‌ 10ന് നീരുറവ് പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് മൂന്ന് വർഷത്തോളമായി മണ്ണ് അടിഞ്ഞും മാലിന്യം നിറഞ്ഞും നശിച്ചുകൊണ്ടിരുന്ന തോടിന്റെ പുനരുജ്ജീവനത്തിന് തുടക്കം കുറിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ കാട് വെട്ടി, അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യം നീക്കം ചെയ്തു. 

406 തൊഴിൽ ദിനങ്ങളിലായി 750 മീറ്റർ നീളത്തിൽ 1.50 മീറ്റർ വീതിയിൽ 40 സെന്റീമീറ്റർ ആഴത്തിൽ മണ്ണ് എടുത്ത് ഒഴുക്ക് വീണ്ടെടുക്കുന്ന പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്. 4,99000 രൂപ വകയിരുത്തിയ പദ്ധതിയിൽ ഇതുവരെ 135198 രൂപ ചെലവഴിച്ചു.
 
വേനൽകാലത്ത് തോട് വറ്റി കൃഷി നടത്താനാകാത്ത സാഹചര്യവും, തോടിന്റെ ചില സ്ഥലങ്ങളിൽ വശങ്ങൾ ഇടിഞ്ഞു മഴ പെയ്യുമ്പോൾ വയലിന്  സമാന്തരമായി വെള്ളം നിൽക്കുന്ന സാഹചര്യമുണ്ട്. മഴക്കാലം കഴിയുമ്പോൾ തോടിന്റെ ഇരു വശവുമുള്ള സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിക്കുന്ന പ്രവർത്തനം നടത്തും. തോട് വീണ്ടെടുക്കുന്നതോടെ കൂടുതൽ സ്ഥലങ്ങളിൽ കൃഷി വ്യാപിപ്പിക്കാനും കുടിവെള്ള പ്രശ്നങ്ങൾക്ക്  ശാശ്വത പരിഹാരമാകാനും സാധിക്കും.

date