Skip to main content

ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യ പരിശോധന

ആമയിഴഞ്ചാൻ തോട്ടിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതുൾപ്പെടെയുള്ള മാലിന്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലാ മാലിന്യ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി. ജലസേചന വകുപ്പിന്റെ മേൽനോട്ടത്തിൽ തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളും  തോട്ടിന്റെ വശങ്ങൾ സൈഡ് വാൾ കെട്ടി സംരക്ഷിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്.

പേരൂർക്കട ചന്തയിൽ തിരുവനന്തപുരം കോർപ്പറേഷന്റെ ഉടമസ്ഥയിലുള്ള കെട്ടിടത്തിന് സമീപത്തായി മാലിന്യം നിക്ഷേപിക്കുന്നതായുള്ള പരിസരവാസികളുടെ പരാതിയെ തുടർന്ന് ഇവിടെയും സ്‌ക്വാഡ് പരിശോധന നടത്തി. ചന്തക്കുള്ളിൽ മാലിന്യ സംസ്‌കരണത്തിനുള്ള തുമ്പൂർമുഴി ബിന്നുകളും ബയോഗ്യാസ് പ്ലാന്റും പ്രവർത്തന സജ്ജമാക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന് സക്വാഡ് അറിയിച്ചു. ജഗതി, പൂജപ്പുര, കിള്ളിപ്പാലം, കരമന, മണക്കാട്, എരുമക്കുഴി, കരിമഠം കോളനി എന്നിവിടങ്ങളിലെ തുമ്പൂർമുഴി, മെറ്റീരിയൽ കളക്ഷൻ സെന്ററുകളിലും സംഘം പരിശോധന നടത്തി. തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ചെയർമാനും ശുചിത്വ മിഷൻ കോ - ഓർഡിനേറ്റർ ജില്ലാ നോഡൽ ഓഫീസറുമായാണ് എൻഫോസ്മെന്റ് സ്‌ക്വാഡ് രൂപീകരിച്ചിരിക്കുന്നത്. ജില്ലാ ശുചിത്വ മിഷൻ എൻഫോഴ്സ്മെന്റ് ഓഫീസർ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ പ്രതിനിധി,പോലീസ്, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.

date