Skip to main content

ദുരിത ബാധിതര്‍ക്കായി 81 മെഡിക്കല്‍ സംഘങ്ങള്‍ 

 

ജില്ലയില്‍ പ്രളയ ദുരിതം ബാധിച്ച് ജില്ലയിലെ വിവിധ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിന് 81 മെഡിക്കല്‍ സംഘങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്ക്  പുറമെ മെഡിക്കല്‍ കോളേജിലെ പി.ജി ഡോക്ടര്‍മാരേയും ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണത്തോടെ സ്വകാര്യ ഡോക്ടര്‍മാരേയും മെഡിക്കല്‍ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ഡോക്ടര്‍, രണ്ട് നേഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പെടുന്ന ഓരോ സംഘവും എല്ലാ ദിവസവും ക്യാമ്പുകളിലെത്തി രോഗ പരിശോധന നടത്തും. എല്ലാത്തരം മരുന്നുകളും ആരോഗ്യ വകുപ്പ് സ്റ്റോക്ക് ചെയ്തിട്ടുണ്ട്. രോഗം സ്ഥിതീകരിക്കുന്നവര്‍ക്ക് ഇവ ക്യാമ്പുകളില്‍ ലഭ്യമാക്കുന്നതിനുളള നടപടി സ്വീകരിച്ചിട്ടുണ്ട്. പാമ്പുകടി ഏല്‍ക്കുന്നവര്‍ക്കുളള ആന്റിവെനം താലൂക്ക് ആശുപത്രികള്‍ വരെയുളള ആശുപത്രികളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ചങ്ങനാശ്ശേരി മേഖലയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. നാല് ആബുലന്‍സുകളുടെ സേവനം ഇവിടെ ലഭ്യമാണ്. പ്രത്യേക ആരോഗ്യ സേവനം അടിയന്തിരമായി ആവശ്യമുളളവര്‍ 7034668777 എന്ന നമ്പരില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം.  ക്യാമ്പുകളിലെ ഡയാലിസിസ്, ക്യാന്‍സര്‍ മറ്റ് നിരന്തര ആരോഗ്യപരിചരണം വേണ്ടവര്‍ക്ക് തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് കിടത്തി ചികിത്സ നല്‍കുന്നതിനുളള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ.കെ. ആര്‍ രാജന്‍, ആബുലന്‍സ് ഉള്‍പ്പടെയുളള വാഹന സൗകര്യം ലഭ്യമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജെ, മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ കെഎസ്എംഎസ്‌സി വെയര്‍ഹൗസ് മാനേജര്‍ അജി ജോര്‍ജ്ജ് എന്നിവര്‍ ഏകോപിപ്പിക്കും.  

   

date