Skip to main content

പള്ളിപ്പുറം-കാരമൂട് റോഡിലെ മാലിന്യ നിക്ഷേപം: കർശന നടപടിക്ക് അധികൃതർ

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പരിധിയിലെ പള്ളിപ്പുറം-കാരമൂട് റോഡിൽ മാലിന്യ പരിശോധന നടത്തി. പ്ലാസ്റ്റിക് മാലിന്യങ്ങളും ആഹാരാവശിഷ്ടങ്ങളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വൻതോതിൽ റോഡിനിരുവശത്തും നിക്ഷേപിച്ചിരിക്കുന്നതായി സ്‌ക്വാഡ് കണ്ടെത്തി. ജില്ലാ ശുചിത്വമിഷന് ലഭിച്ച പരാതികളെ തുടർന്ന് ഒരുമാസം മുൻപ് റോഡിനിരുവശത്തേയും മാലിന്യം ഗ്രാമപഞ്ചായത്ത് അധികൃതർ നീക്കം ചെയ്തിരുന്നു. എന്നാൽ രാത്രികാലങ്ങളിൽ റോഡിൽ വീണ്ടും മാലിന്യം തള്ളുന്ന അവസ്ഥയാണുള്ളത്. ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധനയിൽ മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തിയവരുടെ വിശദാംശങ്ങൾ പഞ്ചായത്ത് അധികൃതർക്ക് കൈമാറി. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി സി.സി.ടി.വി ക്യാമറ പ്രദേശത്ത് സ്ഥാപിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാർ അറിയിച്ചു.

date