Skip to main content

ഐ-പി.ആര്‍.ഡി. ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിനായി ഫോട്ടോ കവറേജ് നടത്തുന്നതിനായി പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയാറാക്കുന്നു.
അപേക്ഷകര്‍ക്ക് ഡിജിറ്റല്‍ എസ്.എല്‍.ആര്‍./മിറര്‍ലെസ് കാമറകള്‍ ഉപയോഗിച്ച് ഹൈ റസലൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുവേണം. വൈഫൈ കാമറകള്‍ കൈവശമുള്ളവര്‍ക്കും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടോഗ്രാഫറായും പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫറായും സേവനം അനുഷ്ഠിച്ചവര്‍ക്കും മുന്‍ഗണന. പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ക്രിമിനല്‍ കേസുകളില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത്. ഇതുസംബന്ധിച്ച രേഖ അപേക്ഷകന്‍ താമസിക്കുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറില്‍ നിന്നു ലഭ്യമാക്കി അഭിമുഖ സമയത്ത് നല്‍കണം.
കരാര്‍ ഒപ്പിടുന്ന തീയതി മുതല്‍ 2024 മാര്‍ച്ച് 31 വരെയായിരിക്കും പാനലിന്റെ കാലാവധി. ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ഓഗസ്റ്റ് എട്ടിനു വൈകിട്ട് അഞ്ചിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കളക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ സ്വീകരിക്കും. തപാലിലോ നേരിട്ടോ അപേക്ഷയും അനുബന്ധരേഖകളും നല്‍കാം. ഇ-മെയിലില്‍ അയയ്ക്കുന്നവ സ്വീകരിക്കില്ല.
പേര്, വീട്ടുവിലാസം, ഏറ്റവും പുതിയ ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇ-മെയില്‍  വിലാസം, കൈവശമുള്ള ഫോട്ടോഗ്രാഫി ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തിയാണ് അപേക്ഷ തയാറാക്കേണ്ടത്. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുടെ (എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ്/ആധാര്‍/തിരഞ്ഞെടുപ്പ് ഐഡന്റിറ്റി കാര്‍ഡ്/പാന്‍ കാര്‍ഡ്/ഡ്രൈവിംഗ് ലൈസന്‍സ്/ പാസ്പോര്‍ട്ട്) പകര്‍പ്പ്, മുന്‍പ് എടുത്ത അഥവാ പ്രസിദ്ധീകരിച്ച മൂന്ന് ഫോട്ടോകളുടെ പ്രിന്റ് അല്ലെങ്കില്‍ അവ പ്രസിദ്ധീകരിച്ച പത്രഭാഗത്തിന്റെ ഫോട്ടോ കോപ്പി എന്നിവയും ഉള്ളടക്കം ചെയ്യണം. എല്ലാ രേഖകളും പേരും ഒപ്പും തീയതിയും ചേര്‍ത്ത് സ്വയംസാക്ഷ്യപ്പെടുത്തണം.  
അസല്‍ രേഖകളുടെയും ഉപകരണങ്ങളുടെയും പരിശോധന, പ്രായോഗികപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിശദവിവരം പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0468-2222657.

date