Skip to main content

ശുചീകരിക്കേണ്ടത് 50,157 വീടുകള്‍;   35,000 കിണറുകള്‍

 

ജില്ലയിലെ പ്രളയബാധിത മേഖലകളിലെ 50,157 വീടുകള്‍ ശുചീകരിക്കേണ്ടതുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, ശുചിത്വമിഷന്‍,   ഹരിതകേരളം മിഷന്‍, മൃഗസംരക്ഷണവകുപ്പ് തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തിലാണ് പ്രളയബാധിത മേഖലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 8,300 വീടുകള്‍ ശുചീകരിച്ചു കഴിഞ്ഞു. 35,000 കിണറുകള്‍ ശുചീകരിക്കാനുണ്ട്. ഇതില്‍ 3,000 കിണറുകള്‍ ശുചീകരിച്ചു കഴിഞ്ഞു. ബാക്കിയുള്ളവ ശുചീകരിക്കുന്ന പ്രവര്‍ത്തനം നടന്നു വരുന്നു. പൊതുസ്ഥലങ്ങള്‍ 818 എണ്ണം ശുചീകരിക്കേണ്ടതുണ്ട്. ഇതില്‍ 282 എണ്ണം ശുചീകരിച്ചു. 2900   പൊതുസ്ഥാപനങ്ങളില്‍ 600 എണ്ണം ശുചീകരിച്ചു. ചത്ത മൃഗങ്ങളെ സംസ്‌കരിക്കുന്നതിന് നടപടിയെടുത്തു. ഇതില്‍ 93 എണ്ണം വലിയ മൃഗങ്ങളായിരുന്നു. ചത്ത മൃഗങ്ങളെ ഉണങ്ങിയ സ്ഥലങ്ങളില്‍ ആഴത്തില്‍ കുഴിച്ചിടുന്നതിനും നനഞ്ഞ പ്രദേശങ്ങളില്‍ കത്തിച്ചു കളയുന്നതിനുമാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. 2330 പക്ഷികള്‍ ചത്തെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇവയെ സംസ്‌കരിച്ചു. 

ക്യാമ്പുകളുടെ എണ്ണം 543 ല്‍ നിന്നും 459 ആയി കുറഞ്ഞു. 1,20,000 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. വെള്ളം ഇറങ്ങിയ സ്ഥലങ്ങളില്‍ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് ആളുകള്‍ മടങ്ങി പോകാന്‍ ആരംഭിച്ചു. എന്നാല്‍, തിരുവല്ല മേഖലയിലെ ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ വീടുകളിലേക്കു പോയി തുടങ്ങിയിട്ടില്ല. അപ്പര്‍ക്കുട്ടനാട്ടില്‍ ഇപ്പോഴും വെള്ളം പൂര്‍ണമായി ഇറങ്ങിയിട്ടില്ലാത്തതാണ് കാരണം. വീടുകള്‍ ഇപ്പോഴും ചെളിയിലാണ്. ഇതു നീക്കം ചെയ്യാന്‍ സമയം എടുക്കുന്നുണ്ട്. 

വീടുകളിലേക്കു മടങ്ങുന്നവര്‍ക്ക് കിറ്റ് നല്‍കുന്നതിന് തയാറെടുപ്പ് തുടങ്ങി. ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്കു മടങ്ങി പോകുന്ന എല്ലാ കുടുംബങ്ങള്‍ക്കും അവശ്യസാധനങ്ങള്‍ അടങ്ങിയ ഒരു കിറ്റ് നല്‍കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു.  മുഖ്യമന്ത്രിയുടെ യോഗത്തിലെ തീരുമാന പ്രകാരമാണ് കിറ്റ് നല്‍കുന്നത്. കിറ്റില്‍ 22 സാധനങ്ങളായിരിക്കും ഉണ്ടാകുക. കഴിയുമെങ്കില്‍ ഒരു ബക്കറ്റില്‍ കിറ്റ് നല്‍കണമെന്നാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. കിറ്റ് നല്‍കുന്നതിനുള്ള തയാറെടുപ്പ് തുടങ്ങി കഴിഞ്ഞു. 35,000 ല്‍ ഏറെ കിറ്റുകള്‍ തയാറാക്കേണ്ടതുണ്ട്. മുഖ്യമന്ത്രി സന്ദര്‍ശിച്ച കോഴഞ്ചേരി എംജിഎം ഓഡിറ്റോറിയത്തിലെ ക്യാമ്പില്‍ കഴിയുന്നവര്‍ക്കുള്ള കിറ്റ് തയാറാക്കി കഴിഞ്ഞു. തിരുവോണ ദിവസം ക്യാമ്പുകളില്‍ ഉള്ള ആളുകള്‍ക്ക് ഓണ സദ്യ തയാറാക്കാനുള്ള സംവിധാനം ചെയ്യണമെന്നുള്ള നിര്‍ദേശമുണ്ട്. ഇതിനാവശ്യമായ നടപടി തുടങ്ങി കഴിഞ്ഞെന്നും കളക്ടര്‍ പറഞ്ഞു. 

                 (പിഎന്‍പി 2359/18)

date