Skip to main content

വന്‍ ഹിറ്റായി കെഎസ്ആര്‍ടിസിയുടെ ടൂര്‍ പാക്കേജുകള്‍; രണ്ട് വര്‍ഷത്തിനിടെ ഒന്നര കോടി രൂപയുടെ വരുമാനം

സൂപ്പര്‍ ഹിറ്റായി കെ.എസ്.ആര്‍ടി.സിയുടെ ടൂര്‍ പാക്കേജുകള്‍. മലപ്പുറം ജില്ലയില്‍ നിന്നും ടൂര്‍ പാക്കേജിലൂടെ രണ്ട് വര്‍ഷത്തിനിടെ ഒന്നര കോടി രൂപയുടെ വരുമാനമാണ് സ്വന്തമാക്കിയത്. 2021 ഒക്ടോബര്‍ 31ന് മൂന്നാര്‍ യാത്രയിലൂടെയാണ് വിനോദയാത്രക്ക് കെഎസ്ആര്‍ടിസി തുടക്കം കുറിച്ചത്. തുടങ്ങിയത് മുതല്‍ ഇതുവരെ മൂന്നാര്‍ വിനോദയാത്ര മുടങ്ങിയിട്ടില്ല. വിനോദയാത്ര നടത്തുന്നതിന് കെ.എസ്.ആര്‍.ടി.സിക്ക് ആശയം ലഭിച്ചതും മലപ്പുറത്ത് നിന്നായിരുന്നു. മലപ്പുറം ജില്ലയിലെ വിവിധ ഡിപ്പോകളില്‍ നിന്നായി ഇക്കാലയളവില്‍ 502 യാത്രകളാണ് നടത്തിയത്.   മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയുള്ള നോര്‍ത്ത് സോണില്‍ വിനോദയാത്രയിലൂടെ ഇക്കാലയളവില്‍ എട്ട് കോടിയുടെ വരുമാനമാണ് ലഭിച്ചത്. മലപ്പുറം, പാലക്കാട് ജില്ലകളാണ് കൂടുതല്‍ യാത്ര നടത്തിയത്.
ചുരുങ്ങിയ ചെലവില്‍ സുരക്ഷിതമായ യാത്ര ചെയ്യാമെന്നതാണ് കെഎസ്ആര്‍ടിസി  ആകര്‍ഷണം.  മലപ്പുറം ഡിപ്പോയില്‍ നിന്നുമുള്ള മൂന്നാര്‍, മലക്കപ്പാറ യാത്രകള്‍ ഇതുവരെ മുടങ്ങിയിട്ടില്ല. മാമലക്കണ്ടം വഴിയാണ് മൂന്നാര്‍ യാത്ര നടത്തുന്നതെന്നത് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നുണ്ട്. കാടിനെ അറിഞ്ഞുള്ള കൂടുതല്‍ യാത്രകളും മലപ്പുറത്ത് നിന്നും തുടക്കം കുറിച്ചിട്ടുണ്ട്. സൈലന്റ് വാലി ദേശീയോദ്യാനത്തിലേക്ക് ആരംഭിച്ച പുതിയ യാത്രയും സഞ്ചാരികള്‍ക്കിടയില്‍ ഹിറ്റാണ്. പറമ്പികുളം കടുവാ സങ്കേതത്തിലേക്കും നെല്ലിയാമ്പതിയിലേക്കുമുള്ള യാത്രക്കും ഉടന്‍ തുടക്കം കുറിക്കും. കേരളത്തിലെ ഏത് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ആവശ്യനുസരണം പാക്കേജുകളും കെഎസ്ആര്‍ടിസി നടത്തുന്നുണ്ട്.

date