Skip to main content

ജല സാഹസിക വിനോദങ്ങൾക്കായി സ്ഥിരം അക്കാദമി ആരംഭിക്കുമെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ്

 

കയാകിങ് ഉൾപ്പെടെയുള്ള ജല സാഹസിക വിനോദങ്ങൾക്കായി പുലിക്കയത്ത് സ്ഥിരം അക്കാദമി ആരംഭിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ സമാപന സമ്മേളനം പുലിക്കയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിന്റെ ടൂറിസം കലണ്ടറിൽ ജൂലൈ മാസം അവസാനം കയാക്കിങ് ഫെസ്റ്റിവൽ എന്ന് രേഖപ്പെടുത്തും. ചാമ്പ്യൻഷിപ്പിനെക്കുറിച്ച്‌ മുൻകൂട്ടി അറിയുന്നതിനാൽ ദേശീയ അന്തർദേശീയ താരങ്ങൾക്ക് നേരത്തെ പരിശീലനത്തിനുള്ള അവസരമാകുമെന്നും മന്ത്രി പറഞ്ഞു.

വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിനൊപ്പം 2024 ലെ പാരീസ് ഒളിമ്പിക്സിനുള്ള സെലക്ഷൻ ട്രയൽ കൂടി ആദ്യമായി കേരളത്തിൽ നടന്നു എന്നതും നേട്ടമാണ്. ചെറിയ  കയാക്കിങ്  യൂണിറ്റുകൾക്ക് സാമ്പത്തിക സഹായം നൽകുന്ന കാര്യം ടൂറിസം വകുപ്പ് പരിഗണിക്കും. പത്തനംതിട്ട ജില്ലയിൽ കോന്നിയിലെ സീതത്തോട് 2024ൽ കയാക്കിങ് ഫെസ്റ്റിവൽ സംഘടിപ്പിക്കും. കലാലയങ്ങളിലെ ടൂറിസം ക്ലബ് അംഗങ്ങളെ കേരളത്തിന്റെ ടൂറിസത്തിന്റെ പ്രചാരകരായും സംഘാടകരായും മാറ്റിത്തീർക്കാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അഡ്വഞ്ചർ മേഖലയിൽ ടൂറിസം വകുപ്പ് നൂതന പദ്ധതികൾ നടപ്പിലാക്കി വരികയാണ്. സംസ്ഥാനത്ത് ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആദ്യ സർഫിങ് അക്കാദമി കോഴിക്കോട് ജില്ലയിലെ ബേപ്പൂരാണ് ആരംഭിച്ചത്. വർക്കലയിൽ ഈ വർഷം ഇന്റർനാഷണൽ സർഫിങ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കാൻ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കടൽത്തീരമുള്ള എല്ലാ ജില്ലകളിലും ഫ്ലോട്ടിങ് ബ്രിഡ്ജ് പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ട്രക്കിംഗ്, ഹൈക്കിംഗ് എന്നിവയ്ക്ക് സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. ഇതിനായി ടൂറിസം വകുപ്പ് രേഖപ്പെടുത്തുന്ന സംസ്ഥാനത്തെ 50 ഇടങ്ങളിൽ തിരുവമ്പാടി മണ്ഡലം കൂടി ഉൾപ്പെടുത്തുന്നതിന്റെ സാധ്യത കൂടി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

അന്തർദേശീയ സൈക്ലിങ് ചാമ്പ്യൻഷിപ്പിനായി വേൾഡ് സൈക്ലിങ് ഫെഡറേഷൻ അംഗീകരിച്ച ഇന്ത്യയിലെ ഏക മൗണ്ടൈൻ ടെറൈൻ ബൈക്കിങ്  ട്രാക്ക് വയനാട്ടിലെ പ്രിയദർശിനി ഹിൽസിലാണ് ഒരുക്കുന്നത്. ലോകത്തിലെ പ്രഗൽഭരായ താരങ്ങൾ ഈ ചാമ്പ്യൻഷിപ്പിൽ എത്തിച്ചേരും. കൂടുതൽ പ്രദേശങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാൻ ആലോചിക്കുന്നുണ്ട്. വാഗമണ്ണിൽ പാരാ ഗ്ലൈഡിങ് ഫെസ്റ്റിവൽ ആരംഭിക്കുന്ന കാര്യം ആലോചിക്കും. ഇങ്ങനെ അഡ്വഞ്ചർ ടൂറിസം ശക്തിപ്പെടുത്തി കൂടുതൽ വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കയാക്കിങ് ചാമ്പ്യൻഷിപ്പിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു. ലിന്റോ ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിസന്റ് മേഴ്സി പുളിക്കാട്, കൂടരഞ്ഞി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, 
 ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു കുളത്തൂർ, , ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഷൈൻ കെ എസ്, കേരള അഡ്വഞ്ചർ ടൂറിസം സി ഇ ഒ ബിനു കുര്യാക്കോസ്, ,  രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ടൂറിസം ഡയറക്ടർ പി.ബി നൂഹ് സ്വാഗതവും ഡി ടി പി സി സെക്രട്ടറി നിഖിൽ ടി ദാസ് നന്ദിയും പറഞ്ഞു

date