Skip to main content

നിറംചാര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ച് എം.എല്‍.എ: പാട്ട് പാടി ജില്ല കളക്ടര്‍

-നിറച്ചാര്‍ത്ത് മത്സരത്തില്‍ നൂറുകണക്കിന് കുട്ടികള്‍ അണിനിരന്നു

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച നിറച്ചാര്‍ത്ത് മത്സരം പി.പി. ചിത്തരജ്ഞന്‍ എം.എല്‍.എ ക്യാന്‍വാസില്‍ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തപ്പോള്‍ അധ്യക്ഷയായ ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ ' ആറ്റുനോറ്റുണ്ടായൊരുണ്ണി'  എന്ന ഗാനം മനോഹരമായി ആലപിച്ച് കുരുന്നുകള്‍ക്ക് ആവേശം പകര്‍ന്നു. വള്ളംകളിയുടെ ആഘോഷങ്ങള്‍ക്ക് ആവേശത്തിന്റെ നിറം പകര്‍ന്ന് കുട്ടിക്കലാകാരര്‍ ക്യാന്‍വാസില്‍ പകര്‍ത്തിയപ്പോള്‍ ആലപ്പുഴ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്ത് ഉത്സവ പ്രതീതി. അഞ്ഞൂറോളം കുട്ടികളാണ് ആലപ്പുഴക്കാരുടെ സ്വന്തം വള്ളംകളിയുടെ ആവേശം ക്യാന്‍വാസുകളിലേക്ക് ആവാഹിച്ചത്. കായലിന്റെയും കരയുടെയും രേഖാചിത്രത്തിന് നിറംനല്‍കലായിരുന്നു എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മത്സര വിഷയം. കുട്ടനാടന്‍ ഗ്രാമങ്ങളുടെ സൗന്ദര്യവും വള്ളംകളിയുടെ ആഘോഷവും നിറഞ്ഞ ചിത്രങ്ങളായിരുന്നു യു.പി, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികളുടെ മത്സരത്തിന്റെ വിഷയമായത്. 
ചടങ്ങില്‍ നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ, നഗരസഭ കൗണ്‍സിലര്‍ അഡ്വ.റിഗോ രാജു, പി.ആര്‍.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഹാസന്‍ വടുതല, പബ്ലിസിറ്റ് കമ്മിറ്റി കണ്‍വീനര്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ്, അംഗങ്ങളായ കെ. നാസര്‍, രമേശന്‍ ചെമ്മാപറമ്പില്‍, സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ഫിലോ തുടങ്ങിയവര്‍ പങ്കെടുത്തു. 

date