Skip to main content

ചെറൂപ്പ സി എച്ച് സി പ്രവർത്തനം മെച്ചപ്പെടുത്താൻ തീരുമാനം

 

ചെറൂപ്പ സി എച്ച് സിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനമായി. ചെറൂപ്പ സി എച്ച് സിയിൽ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് യോഗം വിളിച്ചുചേർത്ത് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിന് പി ടി എ റഹീം എം എൽ എ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രി വിളിച്ചുചേർത്ത ഓൺലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച്‌ ധാരണയായത്.

ചെറൂപ്പ ആശുപത്രി മെഡിക്കൽ കോളജിന്റെ സബ് സെന്ററായതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഫണ്ട് ചെലവഴിക്കുന്നതിനുള്ള നിയന്ത്രണം എടുത്തുകളയുന്നതിനും നേരത്തേ ഷിഫ്റ്റ് ചെയ്ത ഡോക്ടറുടെ തസ്തിക തിരിച്ചുകൊണ്ടു വരുന്നതിനും വർക്കിംഗ്  അറേഞ്ച്മെന്റ് വ്യവസ്ഥയിൽ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയവരെ ചെറൂപ്പയിലേക്ക് തിരികെയെത്തിക്കുന്നതിനും ഉത്തരവിറക്കും. കോഴിക്കോട് മെഡിക്കൽ കോളജിന്റെ ട്രെയിനിങ് സെന്ററാക്കി നിലനിർത്തിക്കൊണ്ട് ആശുപത്രിയുടെ പ്രവർത്തനം വിപുലീകരിക്കുമെന്നും മാവൂർ ഗ്രാമപഞ്ചായത്തിൽ നിർവഹണ ഉദ്യോഗസ്ഥൻ ഇല്ലാത്ത പ്രശ്നം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി യോഗത്തിൽ വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് അധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എം.എൽ.എ,  കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പി മാധവൻ, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി രഞ്ജിത്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ ഷിയോലാൽ, ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി അബ്ദുൽ ഖാദർ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, ജില്ലാ മെഡിക്കൽ ഓഫീസർ, ചെറൂപ്പ സി.എച്ച്.സി മെഡിക്കൽ ഓഫീസർ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date