Skip to main content

ഭിന്നശേഷികാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കി

ആലപ്പുഴ: ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്തു. സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ സാമൂഹ്യനീതി വകുപ്പുമായി ചേര്‍ന്നാണ് ഉപകരണങ്ങൾ നൽകിയത്. ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ അധ്യക്ഷ അഡ്വ. ജയഡാളി ഉദ്ഘാടനം ചെയ്തു.

കേള്‍വി പരിമിതിയുള്ള 17 പേര്‍ക്ക് ശ്രവണ സഹായിയും 12 വയസ്സിനു താഴെയുള്ള തീവ്ര ഭിന്നശേഷിക്കാരായ കുട്ടികളുടെ പേരിൽ ഇരുപതിനായിരം രൂപ നിക്ഷേപിക്കുന്ന ഹസ്തദാനം പദ്ധതിയുടെ സര്‍ട്ടിഫിക്കറ്റ് വിതരണവുമാണ് നടത്തിയത്. ശ്രവണ സഹായി ഉപയോഗിക്കേണ്ട രീതികളെ കുറിച്ച് കെല്‍ട്രോണിന്റെ സഹായത്തോടെ പരിശീലനം നല്‍കി.

ചടങ്ങില്‍ സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ചാരുംമൂട് പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍ ദേവദാസ്, വി. ദിലീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

date