Skip to main content

സമ്പൂർണ മാലിന്യ മുക്ത ജില്ല; സ്‌കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി -മുന്നുമാസം കൊണ്ട് ജില്ല മാലിന്യ മുക്തമാക്കും

ആലപ്പുഴ: 'ശുചിത്വം കുട്ടികളിൽ നിന്ന് തുടങ്ങാമെന്ന ആശയവുമായി ജില്ല പഞ്ചായത്ത് തുടക്കം കുറിച്ച 'സമ്പൂർണ്ണ മാലിന്യ വിമുക്ത ജില്ല' പദ്ധതിയുടെ ഭാഗമായുള്ള ഏകദിന വിദ്യാലയ ശുചീകരണം ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ആരംഭിച്ചു. ഗവ. ഹൈസ്‌കൂൾ പൊള്ളേത്തൈയിൽ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിർവഹിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ല പഞ്ചായത്ത് ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നത്. ഗവ. ഹൈസ്‌കൂൾ പൊള്ളേത്തൈയിൽ നടന്ന ജില്ലാതല ഉദ്ഘാടന ചടങ്ങിൽ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത അധ്യക്ഷത വഹിച്ചു. കലവൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ ശുചീകരണ പ്രവത്തനങ്ങൾ ജില്ല കളക്ടർ ഹരിത വി. കുമാർ ഉദ്ഘാടനം ചെയ്തു. 

പരിപാടിയോടനുബന്ധിച്ച് മുഴുവൻ സ്‌കൂളുകളിലും അധ്യാപകർ, വിദ്യാർഥികൾ, പി.ടി.എ., തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ ശുചികരണ പ്രവർത്തനങ്ങൾ നടത്തി. സമ്പൂർണ്ണ ശുചിത്വ പ്രവർത്തനത്തിന്റെ ഭാഗമായി മൂന്ന് മാസം കൊണ്ട് സ്‌കൂളുകളെ മാലിന്യ മുക്തമാക്കാനാണ് ലക്ഷ്യമിടുന്നത്. എല്ലാ സ്‌കൂളുകളിലും ശുചിത്വക്ലബ് രൂപീകരിക്കും. വിദ്യാർഥികൾ ചെയർമാനും കൺവീനറായും ശുചിത്വ കൗൺസിൽ രൂപികരിക്കും. സ്‌കൂളിലെ ഒരു അധ്യാപകന് ഇതിന്റെ ചുമതലയും നൽകും. 

എല്ലാ ആഴ്ചയിലും ശുചിത്വ പ്രവർത്തനങ്ങളും കാമ്പയിനുകളും സംഘടിപ്പിക്കും. എല്ലാ സ്‌കൂളുകളിലും ഹരിതകർമ്മ സേനയുടെയും ആരോഗ്യ വകുപ്പിന്റെയും എം.ജി.എൻ.ആർ.ഇ.ജി.എസിന്റെയും സേവനങ്ങൾ ഉറപ്പുവരുത്തും. സ്‌കൂളിലെ ഭക്ഷണ  മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ മിഷനുകളുടെയും സഹായം ഉറപ്പു വരുത്താൻ ജില്ലാ പഞ്ചായത്ത് ഇടപെടും.
ജില്ലയിലെ എല്ലാ സ്‌ക്കൂളുകളിലും എയറോബിക് ബിൻ വെയ്ക്കുന്നതിന് ആവശ്യമായ പദ്ധതികൾ ജില്ലാ പഞ്ചായത്ത് ശുചിത്വ മിഷനുമായി ചേർന്ന് നടപ്പിലാക്കും.

ചടങ്ങിൽ ജില്ല പഞ്ചായത്തംഗം ആർ.റിയാസ്, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രജീഷ്, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീലാ സുരേഷ്, പൊള്ളേത്തൈ സ്‌കൂൾ പ്രധാനാധ്യാപിക എൻ.കെ. ഭാർഗവി, സ്റ്റാഫ് സെക്രട്ടറി ബോണിഫസ് തുടങ്ങിയവർ പങ്കെടുത്തു.

date