Skip to main content

'മേരി മാട്ടി മേരാ ദേശ്' ക്യാമ്പയിൻ ആഗസ്റ്റ് ഒമ്പതിന് ആരംഭിക്കും

 

'ആസാദി കാ അമൃത് മഹോത്സവ്' പദ്ധതിയുടെ സമാപനത്തിന്റെ ഭാഗമായി മേരി മാട്ടി മേരാ ദേശ് ക്യാമ്പയിൻ ആഗസ്റ്റ് 9 മുതൽ 15 വരെ ജില്ലയിൽ വിപുലമായി നടത്തും. പരിപാടിയുടെ ഭാഗമായി ജില്ലാ കലക്ടർ എ.ഗീതയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. പരിപാടിയോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, നഗരസഭാ തലങ്ങളിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. 

ആഗസ്റ്റ് 9 മുതൽ 15 വരെ ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് വിപുലമായ പ്രവർത്തനങ്ങൾ  നടക്കുന്നത്. പ്രാദേശിക തലത്തിൽ സ്വാതന്ത്ര്യസമര സേനാനികളെയും രാജ്യസുരക്ഷയ്ക്കായി പ്രവർത്തിച്ചവരെയും ആദരിക്കും. പരിപാടികളിൽ സ്വാതന്ത്ര്യസമര സേനാനികളുടെയും രാജ്യസുരക്ഷയ്ക്കായി വീരമൃത്യു വരിച്ചവരുടെയും കുടുംബങ്ങളെ പങ്കെടുപ്പിക്കും. വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കും. പഞ്ച് പ്രാൺ പ്രതിജ്ഞയുടെ ഭാഗമായി രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും വേണ്ടി എല്ലാ ഗ്രാമങ്ങളിലെയും ജനങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഓരോ ഗ്രാമപഞ്ചായത്തും വസുധ വന്ദൻ പരിപാടിയിൽ 75 വൃക്ഷത്തൈകൾ നടും. സ്മാരക ഫലകങ്ങൾ നിർമിക്കൽ, ദേശീയപതാക ഉയർത്തൽ എന്നീ പരിപാടിയുടെ പ്രചാരണത്തിനായി പ്രത്യേക വെബ്‌സൈറ്റിൽ സെൽഫികൾ അപ്‌ലോഡ് ചെയ്യൽ എന്നിവ ക്യാമ്പയിന്റെ ഭാഗമായി നടപ്പാക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള സ്കൂൾ, കോളേജ് വിദ്യാർത്ഥികളെയും നെഹ്റു യുവ കേന്ദ്ര വളണ്ടിയർമാരെയും പരിപാടികളിൽ പങ്കെടുപ്പിക്കും. ഹർ ഖർ തിരംഗയുടെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്തുന്നതിന് ആളുകളെ ബോധവത്ക്കരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങളും നടത്തും.

ഓൺലൈനായി ചേർന്ന യോഗത്തിൽ എഡിഎം സി മുഹമ്മദ് റഫീഖ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഷിനോജ്, ഡി ഡി എജുക്കേഷൻ മനോജ് കുമാർ, അസിസ്റ്റന്റ് സോഷ്യൽ കോൺസെർവേറ്റിവ് ഓഫീസർ സത്യ പ്രഭ , നെഹ്റു യുവ കേന്ദ്ര ഡിസ്‌ട്രിക്‌ട് യൂത്ത് ഓഫീസർ സനൂപ്, ബി ഡി ഒമാർ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date